< Back
Football
ഇടഞ്ഞ കൊമ്പന്മാരെ വഴിനടത്താന്‍ ആര് വരും?; പരിശീലകരുടെ സാധ്യത പട്ടികയില്‍ ഇവര്‍...
Football

ഇടഞ്ഞ കൊമ്പന്മാരെ വഴിനടത്താന്‍ ആര് വരും?; പരിശീലകരുടെ സാധ്യത പട്ടികയില്‍ ഇവര്‍...

Web Desk
|
20 April 2021 7:48 PM IST

പല മികച്ച യൂറോപ്യന്‍ ക്ലബുകളുടെയും മുന്‍ പരിശീലകരുടെ പേരുകള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നു കേള്‍ക്കുന്നു

അടുത്ത സീസണ്‍ തുടങ്ങും മുമ്പ് പുതിയ കോച്ചിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി കേരള ബ്ലാസ്റ്റേഴ്സ്. നിരവധി പേരുകള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെന്നും ചര്‍ച്ചകള്‍ അവസാന വട്ടത്തിലാണെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഊര്‍ജ്ജിതമായ ഈ തെരച്ചിലിന് ചുക്കാന്‍ പിടിക്കുന്നത് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്കിന്‍കിസ് തന്നെയാണ്.

പല മികച്ച യൂറോപ്യന്‍ ക്ലബുകളുടെയും മുന്‍ പരിശീലകരുടെ പേരുകള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നു കേള്‍ക്കുന്നു. ഒരു സ്പാനിഷ് കോച്ചായിരിക്കും ബ്ലാസ്റ്റേഴ്സിന്‍റെ തന്ത്രങ്ങള്‍ മെനയാന്‍ അടുത്ത സീസണില്‍ ഉണ്ടാവുക എന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍. മറ്റൊരു സാധ്യത പട്ടികയില്‍ ഇടം നേടിയ പ്രധാനപ്പെട്ട പേര് 2002ല്‍ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകന്‍ ലൂയി ഫിലിപ്പ് സ്കൊളാരിയാണ്. നോര്‍ത്ത് ഈസ്റ്റിന്‍റെ മുന്‍ പരിശീലകന്‍ ജറാര്‍ദ് നൂസ്, റയല്‍ സോസിഡാഡ്, ജിറോണ എഫ്.സി തുടങ്ങിയ മുന്‍നിര ക്ലബുകളെ പരിശീലിപ്പിച്ച യുസേബിയോ സാക്രിസ്റ്റന്‍ തുടങ്ങി വമ്പന്മാരുടെ പേരുകളുള്ള പട്ടികയും ടീമിന് പ്രതീക്ഷ നല്‍കുന്നതാണ്.

സ്പാനിഷ് കോച്ച് ആംഗല്‍ വിയെദേരോയുടെയാണ് ഉയര്‍ന്നു കേള്‍ക്കുന്ന മറ്റൊരു പേര്. വിയെദേരോയുടെ പേര് ഗോവ എഫ്സിയും പരിഗണിക്കുന്നുണ്ട്. എന്നാല്‍, ആദ്യ ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വിയെദേരോയുമായി പുനര്‍ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. എന്തായാലും കഴിഞ്ഞ സീസണിന് ശേഷം ആരാധകരോട് മാപ്പ് പറഞ്ഞും തെറ്റുകള്‍ തിരുത്തുമെന്ന് ഉറപ്പുതന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവില്‍ വന്ന കരോളിസ് സ്കിന്‍കിസ് നേതൃത്വം നല്‍കുന്ന സംഘത്തിന് മികച്ച ഒരു പരിശീലകനെ ബ്ലാസ്റ്റേഴ്സിനായി കണ്ടെത്താനാകട്ടെ എന്ന് പ്രത്യാശിക്കാം.

Similar Posts