< Back
Football
ലൈസൻസും പോയോ?; ബ്ലാസ്റ്റേഴ്സിന്റെ ലൈസൻസ് തള്ളി എഐഎഫ്എഫ്
Football

ലൈസൻസും പോയോ?; ബ്ലാസ്റ്റേഴ്സിന്റെ ലൈസൻസ് തള്ളി എഐഎഫ്എഫ്

Sports Desk
|
16 May 2025 1:35 PM IST

ഡൽഹി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ ക്ലബ് ലൈസൻസിനുള്ള അനുമതി തള്ളി ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). ഹോം ഗ്രൗണ്ടായ കലൂർ സ്റ്റേഡിയത്തിന് മതിയായ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2025-26ലൈസൻസ് പുതുക്കി നൽകാതിരിക്കുന്നത് റിപ്പോർട്ട്.

കലൂർ സ്റ്റേഡിയത്തിന്റെ പരിപാലന ചുമതല ഉടമകളായ ജിസിഡിഎയ്ക്ക് ആണെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ വാദം. ക്ലബ് ലൈസൻസ് ലഭിക്കാതിരുന്നാൽ ഐഎസ്എല്ലിലും എഎഫ്സി ടൂർണമെന്റുകളിലും ടീമുകൾക്ക് മത്സരിക്കാൻ സാധിക്കില്ല. പരിഹാരത്തിനായി അധികൃതരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

സ്റ്റേഡിയത്തിന്റെ നിലവാരം, സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, നിയമപ്രശ്നങ്ങൾ എന്നിങ്ങനെ പല മാനദണ്ഡങ്ങൾ പരിശോധിച്ചാണ് ലൈസൻസ് നൽകുന്നത്.

ഈ പ്രതിസന്ധി ബ്ലാസ്റ്റേഴ്സിന് പുറമേ മറ്റു ക്ലബുകളെയും ബാധിച്ചിട്ടുണ്ട്. ഉപാധികളില്ലാതെ പഞ്ചാബ് എഫ്സിക്ക് മാത്രമാണ് ലൈസൻസ് ലഭിച്ചത്. ഉപാധികളോടെ മുംബൈ സിറ്റി, മോഹൻബഗാൻ, ബെംഗളൂരു എഫ്സി, ജാംഷഡ്പൂർ, എഫ്സി ഗോവ, ചെന്നൈയിൻ എഫ്സി, ഇൗസ്റ്റ് ബംഗാൾ എന്നിവർക്കും നൽകി. ഒഡിഷ എഫ്സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ഐലീഗിൽ കളിച്ചിരുന്ന ഇന്റർ കാശി, ചർച്ചിൽ ബ്രദേഴ്സ് എന്നിവരുടെയും ലൈസൻസ് തടഞ്ഞുവെച്ചിട്ടുണ്ട്. ഹൈദരാബാദ് വിട്ട് ഡൽഹിയിലേക്ക് ചേക്കേറുന്ന ഹൈദരാബാദ് എഫ്സിക്കും ലൈസൻസ് ലഭിച്ചിട്ടില്ല.

Similar Posts