< Back
Football
The club has no profit motive; Blasters management responds to fan criticism
Football

'ക്ലബിന് ലാഭക്കൊതിയില്ല'; വിമർശനങ്ങൾക്ക് മറുപടിയുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്

Sports Desk
|
3 Sept 2024 6:12 PM IST

തിരുവോണ ദിനമായ സെപ്തംബർ 15ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ പഞ്ചാബ് എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.

കൊച്ചി: ഐ.എസ്.എൽ പുതിയ സീസൺ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക വിമർശനങ്ങൾക്ക് മറുപടിയുമായി മാനേജ്‌മെന്റ് രംഗത്ത്. കഴിഞ്ഞ ദിവസം 'മഞ്ഞപ്പട' നടത്തിയ ആരോപണങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ പി നിമ്മഗദ്ദ തള്ളിയത്. ക്ലബ്ബിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി നിഖിൽ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. ചിലർ തങ്ങളെ കുറിച്ച് നടത്തുന്ന അസത്യപ്രചരണങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്തുകൊണ്ടാണ് ഞങ്ങൾ ഇത്രയും കാലം മിണ്ടാതിരുന്നതെന്ന് ആരാധകർ കരുതിയേക്കാം. പരിശീലന സൗകര്യങ്ങൾ, ടൈറ്റിൽ സ്‌പോൺസർമാർ, കിറ്റിംഗ് പങ്കാളികൾ തുടങ്ങിയവയെക്കുറിച്ച് ധാരണയാവുന്നതുവരെ ഒരു ക്ലബ്ബും ഇതേകുറിച്ച് സംസാരിക്കാറില്ല. ക്ലബിന്റെ ട്രാൻസ്ഫർ നീക്കങ്ങളെ സംബന്ധിച്ചടക്കം പ്രചരിക്കുന്നത് തെറ്റായ പ്രചരണമാണ്. കൊച്ചിയിലെ പരിശീലന ഗ്രൗണ്ടിന്റെ കാര്യത്തിൽ യാതൊരു ആശയക്കുഴപ്പമില്ലെന്നും മാനേജ്‌മെൻറിനു ലാഭക്കൊതി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും നിഖിൽ വ്യക്തമാക്കി. നിലവിൽ ഐ.എസ്.എല്ലിലെ ഒരു ക്ലബും പണം സമ്പാദിക്കുന്നില്ല. ഇവിടെ ബിസിനസ് മൈൻഡിൽ പ്രവർത്തിക്കാനുള്ള സാധ്യതയൊന്നുമില്ല. ടിക്കറ്റ് വിൽപനയിലൂടെയുള്ള വരുമാനം, കളിക്കാരുടെ കൈമാറുന്നതിലൂടെ ലഭിക്കുന്ന തുക, സ്പോൺസർഷിപ്പുകൾ എന്നിവയാണ് ക്ലബ്ബിന്റെ വരുമാനം. സ്റ്റേഡിയത്തിൽ നിന്നുള്ള വരുമാനത്തിൽ നിന്നുപോലും ക്ലബ്ബിന് ലാഭമില്ലെന്നതാണ് വസ്തുത.

അതേസമയം, പുതിയ കളിക്കാരെ ടീമിലെത്തിക്കുന്നതിൽ കാലതാമസം നേരിട്ടെന്ന് സമ്മതിക്കുന്ന നിഖിൽ ഇതിനിടയായ സംഭവങ്ങളും വിശദീകരിച്ചു. ''ഡ്യൂറന്റ് കപ്പിന് മുന്നോടിയായി കരാറിലെത്താനായിരുന്നു കരുതിയത്. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങളിൽ നീണ്ടുപോയി. എങ്കിലും പുതിയ കളിക്കാരെ എത്തിക്കുന്നതിൽ ക്ലബ്ബ് പ്രതിജ്ഞാബദ്ധമാണ്. അക്കാര്യത്തിൽ മാനേജ്‌മെന്റിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും വ്യക്തമാക്കി. സ്‌റ്റേഡിയം ബഹിഷ്‌കരണം ഉൾപ്പെടെയുള്ള കടുത്ത വിമർശനങ്ങളുമായി ആരാധകർ സമൂഹ മാധ്യമങ്ങളിൽ കാമ്പയിൻ ആരംഭിച്ചതോടെയാണ് ആദ്യമായി മാനേജ്‌മെന്റ് വിശദീകരണവുമായി രംഗത്തെത്തിയത്. തിരുവോണ ദിനമായ സെപ്തംബർ 15ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ പഞ്ചാബ് എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.

Similar Posts