< Back
Football
Two red cards in the second half and the Blasters battled back against Punjab, 1-0
Football

രണ്ടാം പകുതിയിൽ രണ്ട് ചുവപ്പ് കാർഡ്, പഞ്ചാബിനെതിരെ പൊരുതി ജയിച്ച് ബ്ലാസ്റ്റേഴ്‌സ്, 1-0

Sports Desk
|
5 Jan 2025 10:11 PM IST

സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാം ജയമാണിത്.

ന്യൂഡൽഹി: പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. എതിരില്ലാത്ത ഒരു ഗോളിന് പഞ്ചാബ് എഫ്.സിയെയാണ് തോൽപിച്ചത്. പെനാൽറ്റിയിലൂടെ നോഹ് സദൗയിയാണ്(44) കൊമ്പൻമാർക്കായി വലകുലുക്കിയത്. പഞ്ചാബ് തട്ടകമായ ഡൽഹി ജവഹൽലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ ഒൻപത് പേരായി ചുരുങ്ങിയിട്ടും വീരോചിത ചെറുത്ത് നിൽപ്പ് നടത്തിയാണ് മഞ്ഞപ്പട ജയം പിടിച്ചത്. നേരത്തെ കൊച്ചി കലൂർ സ്റ്റേഡിയത്തിലേറ്റ തോൽവിക്കുള്ള മധുരപ്രതികരണം കൂടിയായിത്.

തണുത്തുറഞ്ഞ ഡൽഹി ജവഹൽ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആദ്യാവസാനം ചൂടുപിടിച്ച മത്സരത്തിൽ ഇരുടീമുകളും ആക്രമണ-പ്രത്യാക്രമണവുമായി കളംനിറഞ്ഞു. 42ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് താരം നോഹ് സദൗയിയെ പഞ്ചാബ് താരം സുരേഷ് മെയ്‌തെയ് ബോക്‌സിൽ ഫൗൾ ചെയ്തതിനാണ് സന്ദർശ ടീമിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത സദൗയി അനായാസം വലയിലാക്കി. എന്നാൽ രണ്ടാം പകുതിയിൽ ആക്രണം ശക്തമാക്കിയ പഞ്ചാബിനെതിരെ ബ്ലാസ്റ്റേഴ്‌സിനെ പിൻകാലിലൂന്നി പ്രതിരോധിച്ചു.

എന്നാൽ 57ാം മിനിറ്റിൽ പഞ്ചാബിന്റെ മലയാളിതാരം ലിയോൺ അഗസ്റ്റിനെ വീഴ്ത്തിയതിന് ബ്ലാസ്‌റ്റേഴ്‌സിന്റെ മിലോസ് ഡ്രിൻകിച് രണ്ടാം ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയത് വലിയ തിരിച്ചടിയായി. 74ാം മിനിറ്റിൽ അപകടകരമായ ഫൗളിന് അയ്ബൻബ ഡോലിങും ചുവപ്പ് കാർഡ് വഴങ്ങിയതോടെ അവസാന മിനിറ്റുകളിൽ സന്ദർശകർ വലിയ പ്രതിസന്ധിനേരിട്ടു. എന്നാൽ തുടരെയുള്ള ആതിഥേയരുടെ ആക്രമണങ്ങളെ സമർത്ഥമായി ചെറുത്ത് നിന്ന് ബ്ലാസ്റ്റേഴ്‌സ് സീസണിലെ അഞ്ചാം ജയം സ്വന്തമാക്കി. നിലവിൽ 15 മത്സരങ്ങളിൽ നിന്നായി ബ്ലാസ്റ്റേഴ്‌സ് 17 പോയന്റുമായി ഒൻപതാം സ്ഥാനത്താണ്.

Similar Posts