< Back
Football
ഐബൻ ദോലിങ്ങിനെതിരായ വംശീയാധിക്ഷേപത്തിൽ പരാതി നൽകി ബ്ലാസ്റ്റേഴ്‌സ്
Football

ഐബൻ ദോലിങ്ങിനെതിരായ വംശീയാധിക്ഷേപത്തിൽ പരാതി നൽകി ബ്ലാസ്റ്റേഴ്‌സ്

Web Desk
|
22 Sept 2023 11:06 PM IST

ബ്ലാസ്റ്റേഴ്സ് താരം ഐബന്‍ ദോലിങ്ങിനെ ബംഗ്ലുരു എഫ് എസി താരം റയാൻ വില്യംസ് വംശീയമായി അധിക്ഷേപിച്ചെന്നാണ് പരാതി

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഉദ്ഘാടന മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് താരത്തെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ ബ്ലാസ്റ്റേഴ്സ് ടീം പരാതി നൽകി. ബ്ലാസ്റ്റേഴ്സ് താരം ഐബന്‍ ദോലിങ്ങിനെ ബംഗ്ലുരു എഫ് എസി താരം റയാൻ വില്യംസ് വംശീയമായി അധിക്ഷേപിച്ചെന്നാണ് പരാതി. സംഭവത്തിൽ റയാൻ വില്യംസിനെതിരെ നടപടി ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടായ്മ മഞ്ഞപ്പടയും നേരത്തെ രംഗത്ത് വന്നിരുന്നു.

മത്സരത്തിന്റെ 82ആം മിനിറ്റിൽ ഫൗളിനെ ചൊല്ലി ഇരു താരങ്ങളും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് വംശീയാധിക്ഷേപമുണ്ടായത്. വംശീയതയോട് ഒട്ടും സഹിഷ്ണുതയില്ലെന്നും ഐബനോട് റയാൻ ചെയ്ത നടപടിയെ ശക്തമായി അപലപിക്കുകയാണെന്നും മഞ്ഞപ്പട എക്‌സിൽ കുറിച്ചു. സംഭവത്തിൽ റയാനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനോടും ഐ.എസ്.എൽ മാനേജ്‌മെന്റിനോടും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ബംഗളൂരുവിനെ ബ്ലാസ്‌റ്റേഴ്‌സ് തോൽപിച്ചിരുന്നു. നായകൻ അഡ്രിയാൻ ലൂണയുടെ ഗോളും ബംഗളൂരുവിന്റെ കസിയ വീൻഡോർപ്പിന്റെ സെൽഫ് ഗോളുമാണ് മഞ്ഞപ്പടയെ തുണച്ചത്. പകരക്കാരനായി ഇറങ്ങിയ കർട്ടിസ് മെയിനാണ് ബംഗളൂരുവിനായി ലക്ഷ്യം കണ്ടത്.

Similar Posts