< Back
Football
Kerala Blasters for sale?; Report says new owners coming soon
Football

കേരള ബ്ലാസ്റ്റേഴ്‌സ് വിൽപ്പനയ്ക്ക്?; പുതിയ ഉടമകൾ ഉടനെന്ന് റിപ്പോർട്ട്

Sports Desk
|
16 Sept 2025 5:22 PM IST

ഐസ്എൽ അനിശ്ചിതത്വത്തിനിടെയാണ് ക്ലബ് വിൽപന സംബന്ധിച്ച വാർത്തകൾ വരുന്നത്

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഓഹരികൾ വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇതുസംബന്ധിച്ച വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നത്. നിലവിലെ ഉടമകളായ മാഗ്നം സ്‌പോർട്‌സ് ക്ലബിന്റെ 100 ശതമാനം ഓഹരിയും കൈവിടാനുള്ള ശ്രമത്തിലാണെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. അതേസമയം, ക്ലബ് കൈമാറ്റം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നുമെത്തിയിട്ടില്ല.

ഇന്ത്യൻ സൂപ്പർലീഗിന്റെ അനിശ്ചിതത്വവും ഉടമകളെ ക്ലബ് വിടുന്നതിന് പ്രേരിപ്പിക്കുന്നതായാണ് റിപ്പോർട്ട്. നിലവിൽ ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ടീമാണ് ബ്ലാസ്‌റ്റേഴ്‌സ്. കേരള ടീമിന്റെ ഹോംഗ്രൗണ്ടായ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിറഞ്ഞ ഗ്യാലറികൾ ഐഎസ്എല്ലിലെ മനോഹര കാഴ്ചകളിലൊന്നായിരുന്നു.

എന്നാൽ സമീപകാലത്തായി കടുത്ത സാമ്പത്തിക നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതുവരെ കിരീടം നേടാനാവാത്തതും താരങ്ങളുടെ ട്രാൻസ്ഫറിലടക്കമുള്ള മോശം തീരുമാനങ്ങളും ക്ലബും ആരാധകരും തമ്മിലുള്ള ബന്ധവും വഷളാക്കി. കഴിഞ്ഞ സീസണിലടക്കം ഗ്യാലറിയിലേക്ക് ആരാധകർ കൂട്ടമായെത്തിയിരുന്നില്ല. ഇതിന് പിന്നാലെ ഐസ്എൽ അനിശ്ചിതത്വത്തിലായതും ക്ലബ് കൈമാറ്റത്തിനുള്ള സാധ്യത നേടാൻ അധികൃതരെ നിർബന്ധിതമാക്കി. ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കാൻ പ്രമുഖ മലയാളി വ്യവസായികൾ രംഗത്തെത്തിയെന്നും റിപ്പോർട്ടുണ്ട്.

ഐഎസ്എല്ലിൽ ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജെംഷഡ്പൂർ എഫ്‌സിക്ക് മാത്രമാണ് അൽപമെങ്കിലും സാമ്പത്തിക ലാഭം ഉണ്ടായതെന്നാണ് കണക്ക്. 2014ൽ രൂപീകൃതമായ കേരള ബ്ലാസ്റ്റേഴ്‌സിനെ നാല് വർഷത്തിന് ശേഷമാണ് മാഗ്‌നം സ്പോർട്സ് ഏറ്റെടുത്തത്.

Similar Posts