< Back
Football
kerala blasters
Football

കേരള ബ്ലാസ്‌റ്റേഴ്‌സിന് തോൽവിയോടെ പ്രീ സീസണ്‍ ആരംഭം

Web Desk
|
11 July 2024 5:38 PM IST

പുതിയ കോച്ച് മൈക്കൽ സ്റ്റാറെയുടെ കീഴിലുള്ള ആദ്യ മത്സരമായിരുന്നു ചൊവ്വാഴ്ചയിലേത്

ബാങ്കോക്ക്: പ്രീ സീസണിലെ ആദ്യ പരിശീലന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. തായ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ പട്ടായ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് കേരള ടീം തോറ്റത്. പുതിയ കോച്ച് മൈക്കൽ സ്റ്റാറെയുടെ കീഴിലുള്ള ആദ്യ മത്സരമായിരുന്നു ചൊവ്വാഴ്ചയിലേത്.

കോച്ച് ഇവാൻ വുകുമനോവിച്ചുമായി വേർപിരിഞ്ഞതിന് പിന്നാലെ കോച്ചിങ് സംഘത്തിൽ അടിമുടി മാറ്റവുമായാണ് ബ്ലാസ്‌റ്റേഴ്‌സ് തായ്ലന്‍ഡില്‍ പരിശീലനം നടത്തുന്നത്. അസിസ്റ്റന്റ് കോച്ചായി ജോൺ വെസ്‌ട്രോം, സെറ്റ്പീസ് കോച്ചായി ഫ്രഡറികോ പെരേര, ഫിറ്റ്‌നസ് കോച്ചായി വെർണർ മാർടിൻ എന്നിവർ സംഘത്തിലുണ്ട്. കഴിഞ്ഞ വർഷം ടീമിനൊപ്പമുണ്ടായിരുന്ന അസിസ്റ്റന്റ് കോച്ച് ടി.ജി പുരുഷോത്തമനും ഗോൾകീപ്പർ കോച്ച് സ്ലാവൻ പ്രൊവെജിയും സ്റ്റാറെയെ സഹായിക്കാനുണ്ട്.



2024-25 സീസണിന്റെ മുമ്പോടിയായി മൂന്നാഴ്ചയാണ് തായ്‌ലാൻഡില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലനം നടത്തുന്നത്. ക്യാപറ്റൻ അഡ്രിയാൻ ലൂണ ഒഴികെയുള്ള താരങ്ങൾ ഇപ്പോൾ ക്യാമ്പിലുണ്ട്. ലൂണ ഇന്ന് തായ്‌ലാൻഡിലെത്തി. മൂന്നാഴ്ചയിലെ പരിശീലനത്തിന് ശേഷം ഡ്യൂറന്റ് കപ്പിനായി ടീം ഇന്ത്യയിൽ തിരിച്ചെത്തും. ജൂലൈ 26നാണ് ഡ്യൂറണ്ട് കപ്പ് ആരംഭിക്കുന്നത്.

ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയ സൂപ്പർ താരം ദിമിദ്രിയോസ് ഡയമന്റകോസിന് പകരം യൂറോപ്പിൽ നിന്നു തന്നെ ടീമിന് പുതിയ സ്‌ട്രൈക്കർ എത്തുമെന്നാണ് വിവരം. യൂറോപ്പിൽ നിന്നു തന്നെയുള്ള സെന്റർ ബാക്കുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്.

Related Tags :
Similar Posts