< Back
Football
മഞ്ഞപ്പടയുടെ പ്രതിരോധം കാക്കാൻ സ്പാനിഷ് താരം; വിക്ടർ മൊംഗിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ
Football

മഞ്ഞപ്പടയുടെ പ്രതിരോധം കാക്കാൻ സ്പാനിഷ് താരം; വിക്ടർ മൊംഗിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ

Web Desk
|
13 July 2022 9:03 PM IST

ഒഡീഷ എഫ്സിയില്‍ നിന്നു ബ്ലാസ്റ്റേഴ്‌സിലെത്തിയ മൊംഗില്‍ 2023 വരെ ക്ലബ്ബില്‍ തുടരും.

ഐഎസ്എല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി സ്പാനിഷ് ഡിഫന്‍ഡര്‍ വിക്ടര്‍ മൊംഗിലിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. വിവിധ പൊസിഷനുകളില്‍ വൈദഗ്ധ്യം തെളിയിച്ച താരവുമായി കരാറിലെത്തിയത് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒഡീഷ എഫ്സിയില്‍ നിന്നു ബ്ലാസ്റ്റേഴ്‌സിലെത്തിയ മൊംഗില്‍ 2023 വരെ ക്ലബ്ബില്‍ തുടരും.

2019-20 ഐഎസ്എൽ സീസണിൽ താരത്തെ എടികെയുമായി സൈൻ ചെയ്തിരുന്നു. ആ സീസണിൽ കിരീടം നേടിയ എടികെ ടീമിലെ പ്രധാന താരം കൂടിയായിരുന്നു ഇരുപത്തിയൊമ്പതുകാരനായ താരം.

സ്പാനിഷ് ക്ലബായ വല്ലാഡോലിഡിനൊപ്പമാണ് വിക്ടർ കരിയർ ആരംഭിച്ചത്. 2011-12 സീസണിൽ സീനിയർ ടീമിനെ പ്രതിനിധീകരിക്കുന്നതിന് മുമ്പ് അവരുടെ ബി ടീമിനായി കളിക്കുകയും ചെയ്തു. അത്ലറ്റിക്കോ മാഡ്രിഡ് ബി ടീം ഉൾപ്പെടെ സ്പെയിനിലെ വിവിധ ക്ലബ്ബുകൾക്കായും കളിച്ചു. തുടർന്ന് 2019 ൽ ജോർജിയൻ പ്രൊഫഷണൽ ക്ലബ്ബായ എഫ്സി ഡൈനമോ ടബ്ലീസിയിൽ ചേർന്നു. ജോർജിയയിൽ ഡൈനമോ ടബ്ലീസിയെ കിരീടം നേടാൻ സഹായിച്ച വിക്ടർ, യൂറോപ്പ ലീഗിലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു.

''ഞാനൊരു ഔദ്യോഗിക കേരള ബ്ലാസ്റ്റേഴ്‌സ് താരമാണെന്ന് അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് വിക്ടർ മൊംഗിൽ പറഞ്ഞു. എന്റെ സഹതാരങ്ങൾക്കൊപ്പമുണ്ടാകാനും, വളരെ ആവേശകരമായ സീസൺ ആരംഭിക്കുന്നതിനും വേണ്ടി കാത്തിരിക്കുകയാണ്. തീർച്ചയായും ഈ വർഷം ആരാധകരുടെ സ്റ്റേഡിയങ്ങളിലേക്കുള്ള തിരിച്ചുവരവോടെ, അവർക്കൊപ്പം ഒരുമിച്ച് ഏറെ നല്ല കാര്യങ്ങൾക്കായി പോരാടാൻ ഞങ്ങൾക്ക് കഴിയും''-വിക്ടർ മൊംഗിൽ പറഞ്ഞു.

കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച സ്‌ട്രൈക്കർ അപ്പോസ്‌തൊലോസ് ജിയാനുവിന് ശേഷം സമ്മര് സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാമത്തെ വിദേശ സൈനിങ്ങാണ് വിക്ടർ.

Similar Posts