< Back
Football
കറ്റാലയെ പുറത്താക്കാൻ ബ്ലാസ്റ്റേഴ്‌സ്; മുൻ ബംഗളുരു എഫ്‌സി പരിശീലകനുമായി ചർച്ചകൾ നടത്തുന്നതായി സൂചന
Football

കറ്റാലയെ പുറത്താക്കാൻ ബ്ലാസ്റ്റേഴ്‌സ്; മുൻ ബംഗളുരു എഫ്‌സി പരിശീലകനുമായി ചർച്ചകൾ നടത്തുന്നതായി സൂചന

Sports Desk
|
22 March 2026 7:35 PM IST

കൊച്ചി: പരിശീലകൻ ഡേവിഡ് കാറ്റാലയെ പുറത്താക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിലെ മോശം പ്രകടനത്തെ തുടർന്നാണ് തീരുമാനം. വരുന്ന 48 മണിക്കൂറിൽ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. മുൻ ബംഗളുരു പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡുമായി ചർച്ചകൾ പുരോഗമിക്കുന്നു എന്ന് ഖേൽ നൗ റിപ്പോർട്ട് ചെയ്തു.

2025 മാർച്ചിലാണ്‌ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ഡേവിഡ് കാറ്റാല ചുമതലയേറ്റത്. പിന്നാലെ നടന്ന സൂപ്പർ കപ്പിൽ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ജയിക്കുകയും അടുത്ത റൗണ്ടിലേക്ക് മേന്നേറുകയും ചെയ്തു. എന്നാൽ ക്വാർട്ടറിൽ മോഹൻ ബാഗാനോട് തോറ്റ് പുറത്തായി.

ഇന്ത്യൻ ഫുട്ബാൾ അനിശ്ചിതത്വത്തിൽ തുടർന്ന കാലത്തും ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി തുടന്ന കാറ്റാലക്ക് പിന്നീട് 2025 ഡിസംബറിൽ നടന്ന സൂപ്പർ കപ്പിൽ ടീമിനെ നയിച്ചു. രണ്ട് മത്സരങ്ങൾ ജയിച്ചിട്ടും ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മുംബൈ സിറ്റിയോട് തോറ്റതോടെ പുറത്തായി.

വൈകി തുടങ്ങിയ 2025/26 ഐഎസ്എൽ സീസണിൽ വീണ്ടും പുതിയ താരങ്ങളുമായി കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സിന് കളിച്ച ആറ് മത്സരങ്ങളിൽ ഒരെണ്ണം പോലും ജയിക്കാനായിട്ടില്ല. ഈസ്റ്റ് ബംഗാളിനെതിരെ നേടിയ ഒരു സമനില നൽകിയ പോയിന്റ് മാത്രമാണുള്ളത്. 14 ടീമുകളുടെ പട്ടികയിൽ 13 സ്ഥാനത്താണ് ടീം. ശനിയാഴ്ച പഞ്ചാബ് എഫ്‌സിയോടുള്ള തോൽവിക്ക് ശേഷം പത്ര സമ്മേളനത്തിൽ കാറ്റാലക്ക് പകരം സഹ പരിശീലകനാണ് വന്നതെന്നും റിപ്പോർട്ടുകളുണ്ട്.

അടുത്ത 48 മണിക്കൂറിനുള്ളിൽ പുതിയ പരിശീലകനെ എത്തിക്കുമെന്നും റിപ്പോർട്ട്. മുൻ ബംഗളുരു എഫ്‌സി പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡുമായി ചർച്ചകൾ നടത്തുന്നതായി സൂചന. കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ അടുത്ത മത്സരം ഏപ്രിൽ അഞ്ചിന് സ്പോർട്ടിങ് ക്ലബ് ഡെൽഹിക്കെതിരെയാണ്.

Similar Posts