< Back
Football
kerala blasters
Football

എഫ്.സി ഗോവയോടും വീണു; ബ്ലാസ്റ്റേഴ്സിന് സീസണിലെ അഞ്ചാം തോൽവി

Sports Desk
|
28 Nov 2024 9:56 PM IST

കൊച്ചി: ചെന്നൈയിൻ എഫ്.സിക്കെതിരെ കണ്ട തകർപ്പൻ പ്രകടനം ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ഗ്യാലറിയിലെത്തിയ ആരാധകർക്ക് നിരാശ. എഫ്.സി ഗോവയോട് കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി ഏറ്റുവാങ്ങി. 40ാം മിനുറ്റിൽ ബോറിസ് സിങ് നേടിയ ഗോളിലാണ് ഗോവയുടെ വിജയം.

പാസിങ്ങിലും പൊസിഷനിലും മുന്നിട്ടുനിന്നെങ്കിലും ഗോവയുടെ ഉറച്ച പ്രതിരോധക്കോട്ട മറികടക്കാനുള്ള പ്ലാനുകൾ ബ്ലാസ്റ്റേഴ്സിന് ഇല്ലാതെ പോയി. ഗോളിലേക്ക് വെറും രണ്ട് ഷോട്ടുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ഉതിർത്തത്. അതേ സമയം ഗോവൻ ആക്രമണങ്ങളിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം പലകുറി ഉലഞ്ഞു.

ബോക്സിനുള്ളിൽ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ച് ബോറിസ് ഉതിർത്ത ഷോട്ട് കേരള ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ കൈയ്യിൽ തട്ടി വലയിലേക്ക് പതിക്കുകയായിരുന്നു. തടയാവുന്ന അവസരം ​ഗോൾകീപ്പർ ഒരിക്കൽ കൂടി പാഴാക്കിയതിന് ബ്ലാസ്റ്റേഴ്സിന് നൽകേണ്ടി വന്നത് കനത്തപിഴ.

മത്സരത്തിന്റെ 96ാം മിനുറ്റിൽ സമനില ഗോളിനുള്ള അവസരം സന്ദീപ് സിങ്ങിന് ലഭിച്ചെങ്കിലും പുറത്തേക്കടിച്ച് പാഴാക്കി. ഹോം ഗ്രൗണ്ടിലെ ഭാഗ്യക്കേട് തുടരുന്ന ബ്ലാസ്റ്റേഴ്സിന് പത്തുമത്സരങ്ങളിൽ നിന്നും വെറും 11 പോയന്റാണ് സമ്പാദ്യം. അഞ്ചുമത്സരങ്ങളിൽ പരാജയപ്പെട്ടപ്പോൾ രണ്ടെണ്ണം സമനിലയിൽ പിരിഞ്ഞു. അവസാനത്തെ അഞ്ചുമത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.

Similar Posts