< Back
Football
നിലനിൽപ്പിനായുള്ള പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരബാദിനെതിരെ; ജയിച്ചാല്‍ മൂന്നാം സ്ഥാനത്ത്
Football

നിലനിൽപ്പിനായുള്ള പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരബാദിനെതിരെ; ജയിച്ചാല്‍ മൂന്നാം സ്ഥാനത്ത്

Sports Desk
|
23 Feb 2022 10:46 AM IST

ഇന്നലെ മുംബൈയുടെ ജയത്തോടെ പോയിന്‍റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്കിറങ്ങിയിരുന്നു

ഐ.എസ്.എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദിനെ നേരിടും. ഇന്നലെ മുംബൈയുടെ ജയത്തോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് സെമി പ്രതീക്ഷകൾ നിലനിർത്താൻ ഇനിയുള്ള മുഴുവൻ മത്സരങ്ങളിലും ജയം അനിവാര്യമാണ്. മുംബൈയേക്കാൾ ഒരു മത്സരം കുറവ് കളിച്ച ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജയിച്ചാൽ പോയിന്റ് പട്ടികയിൽ മൂന്നാ സ്ഥാനത്തേക്ക് കയറാനാവും.

കഴിഞ്ഞ മത്സരത്തിൽ എ.ടി.കെ മോഹൻബഗാനെതിരെ അവസാന നിമിഷത്തിൽ ജയം കൈവിട്ട ബ്ലാസ്‌റ്റേഴ്‌സിന് തോൽവിയേക്കാൾ വലിയ ആഘാതമാണ് സമനില സമ്മാനിച്ചത്. അഡ്രിയാൻ ലൂണയുടെ ഇരട്ടഗോൾമികവിൽ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ബ്ലാസ്‌റ്റേഴ്‌സിനെ 97ാം മിനിറ്റിൽ നേടിയ ഗോളിലൂടെ ജോണി കോക്കെയാണ് സമനിലയിൽ തളച്ചത്. മത്സരത്തിന്റെ 98ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പർതാരം പെരേറ ഡയസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. ഡയസിന് ഇന്നത്തെ മത്സരത്തില്‍ കളിക്കാനാവില്ല.

സീസണിന്റെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സാണ് വിജയിച്ചത്. 16 ഗോളുകളുമായി ഗോൾവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദിന്‍റെ ഗോളടിയന്തം ബർത്തലോമിവ് ഒഗ്ബച്ചെയെ പിടിച്ചുകെട്ടലാവും ഇന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിനുള്ള പ്രധാന ജോലി. അവസാന മത്സരത്തിൽ എഫ്സി ഗോവയെ 3-1ന് തകർത്ത ഹൈദരാബാദ് എഫ്സി മികച്ച ഫോമിലാണ് മുന്നേറുന്നത്.

Related Tags :
Similar Posts