< Back
Football
Blasters on a winning streak; 3-0 win over last placed Mohammedans
Football

വിജയവഴിയിൽ ബ്ലാസ്റ്റേഴ്‌സ്; അവസാന സ്ഥാനക്കാരായ മുഹമ്മദൻസിനെതിരെ 3-0 ജയം

Sports Desk
|
22 Dec 2024 10:39 PM IST

മത്സരത്തിന് മുൻപായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ കറുത്ത ബാനർ ഉയർത്തി ആരാധകർ പ്രതിഷേധിച്ചിരുന്നു

കൊച്ചി: തുടർ തോൽവികൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. സ്വന്തം തട്ടകമായ കലൂർ ജവഹൽ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മുഹമ്മദൻസ് സ്‌പോട്ടിങ് ക്ലബിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തകർത്തത്. നോഹ സദൗയി(80), അലക്‌സാണ്ടർ കൊയെഫ്(90) എന്നിവരാണ് ഗോൾ സ്‌കോറർമാർ. മുഹമ്മദൻസ് ഗോൾകീപ്പർ ഭാസ്‌കർ റോയിയുടെ സെൽഫ് ഗോളിലാണ് (62)ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടിയത്. ജയത്തോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് പത്താംസ്ഥാനത്തെത്തി. പോയന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ കൊൽക്കത്തൻ ക്ലബിനെതിരെ ആദ്യാവസാനം മികച്ച പ്രകടനമാണ് മഞ്ഞപ്പട പുറത്തെടുത്തത്. തുടർ പരാജയങ്ങൾ മറക്കാൻ ആരാധകർക്കുള്ള ക്രിസ്തുമസ് സമ്മാനമായിരുന്നു മത്സരം.

മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ആദ്യ പകുതിയിൽ ഗോളടിക്കാൻ ആതിഥേയർക്കായില്ല. രണ്ടാം പകുതിയുടെ 62-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ലീഡെടുത്തു. ബോക്‌സിലേക്കെത്തിയ പന്ത് കുത്തിയകറ്റുന്നതിൽ മുഹമ്മദൻസ് ഗോൾകീപ്പർഭാസ്‌കർ റോയിക്ക് പിഴക്കുകയായിരുന്നു. 80-ാം മിനിറ്റിൽ നോഹ സദൗയിയിലൂടെ മഞ്ഞപ്പട വിജയം ഉറപ്പിച്ച രണ്ടാം ഗോളും കണ്ടെത്തി. കോറോ സിങിന്റെ അസിസ്റ്റിലായിരുന്നു നോഹയുടെ ഗോൾ വന്നത്. കളിയുടെ അവസാന മിനിറ്റിൽ അലക്‌സാണ്ടർ കൊയഫിലൂടെ മൂന്നാമതും വലകുലുക്കി പട്ടിക പൂർത്തിയാക്കി.

പരിശീലക സ്ഥാനത്തുനിന്ന് മൈക്കൽ സ്റ്റാറേയെ പുറത്താക്കിയ ശേഷമുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരമാണിത്. തുടർ തോൽവികളിൽ മാനേജ്‌മെന്റുമായി നിസഹകരണം പ്രഖ്യാപിച്ച ആരാധകകൂട്ടമായ മഞ്ഞപ്പട കറുത്തബാനറുമായാണ് ഇന്ന് സ്റ്റേഡിയത്തിലെത്തിയത്. ലീഡേഴ്‌സ് ഓർ ലയേഴ്‌സ് എന്നെഴുതിയ ബാനറാണ് ആരാധകർ ഉയർത്തികാണിച്ചത്. ജനുവരി ട്രാൻസ്ഫറിൽ മികച്ച ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കണമെന്ന് ആരാധകർ ആവശ്യപ്പെട്ടു. ഈ വർഷത്തെ അവസാന ഹോം മത്സരത്തിൽ ജയിക്കാനായത് കൊമ്പൻമാർക്ക് ആശ്വാസമായി. 29ന് ജംഷഡ്പൂർ എഫ്‌സിയുമായാണ് അടുത്ത എവേ മത്സരം

Similar Posts