< Back
Football
fc barcelona
Football

കാറ്റുപോയി കറ്റാലൻമാർ; കുതിച്ചുകയറി അത്‍ലറ്റിക്കോ

Sports Desk
|
16 Dec 2024 9:42 AM IST

മാഡ്രിഡ്: ലാലിഗയിൽ ഒന്നാംസ്ഥാനക്കാരായ ബാഴ്സലോണക്ക് കാലിടറുന്നു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ കുഞ്ഞൻമാരായ ലെഗാനസാണ് ബാഴ്സയെ എതിരില്ലാത്ത ഒരുഗോളിന് തോൽപ്പിച്ചത്. നാലാം മിനുറ്റിൽ ക്യാപ്റ്റൻ സെർജിയോ ഗോൺസാലസിന്റെ ഹെഡർ ഗോളിൽ മുന്നിലെത്തിയ ലെഗാനസിന് മറുപടി നൽകാൻ ബാഴ്സക്കായില്ല.

തിരിച്ചടിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ബാഴ്സ മുന്നേറ്റനിര കളഞ്ഞുകുളിക്കുകയായിരുന്നു. മത്സരത്തിന്റെ 80 ശതമാനവും പന്ത് കൈവശം വെച്ചിട്ടും ഗോൾ നേടാനാകാത്തത് ബാഴ്സക്ക് തലവേദന നൽകുന്നതാണ്. അവസാന അഞ്ച് ലാലിഗ മത്സരങ്ങളിൽ വെറും ഒരു മത്സരത്തിൽ മാത്രമാണ് ബാഴ്സ വിജയിച്ചത്. തോൽവിയിലും 18 മത്സരങ്ങളിൽ 38 പോയന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുന്നു.

അതേ സമയം തുടർവിജയങ്ങളുമായി അത്‍ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തേക്ക് കയറി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഗെറ്റാഫെയെയാണ് അത്‍ലറ്റിക്കോ തോൽപ്പിച്ചത്. ഒരു മത്സരം കുറച്ചുകളിച്ച അത്‍ലറ്റിക്കോക്കും 38 പോയന്റുണ്ട്. 17 മത്സരങ്ങളിൽ നിന്നും 37 പോയന്റുള്ള റയൽ മാ​ഡ്രിഡ് മൂന്നാമതാണ്.

Related Tags :
Similar Posts