< Back
Football
മൂവര്‍ സംഘം ഒരുമിച്ചെത്തിയിട്ടും രക്ഷയില്ല; പി.എസ്.ജിക്ക് സമനിലക്കുരുക്ക്
Football

മൂവര്‍ സംഘം ഒരുമിച്ചെത്തിയിട്ടും രക്ഷയില്ല; പി.എസ്.ജിക്ക് സമനിലക്കുരുക്ക്

Web Desk
|
16 Sept 2021 7:19 AM IST

പന്ത് കൈവശം വെക്കാന്‍ മെസി-നെയ്മർ-എംബാപ്പെ സംഘത്തിനായെങ്കിലും ഗോള്‍ പിറന്നില്ല

പിഎസ്ജിക്കായി ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിറങ്ങിയ ലയണൽ മെസിക്ക് നിരാശയുടെ സമനില. ക്ലബ്ബ് ബ്രുഗെ പിഎസ്ജിയെ സമനിലയിൽ തളച്ചു.

ഗ്രൂപ്പ് എയിലെ ആദ്യ പോരിനിറങ്ങിയ പിഎസ്ജിയെ ബെൽജിയൻ ക്ലബ്ബായ ക്ലബ്ബ് ബ്രുഗെയാണ് പിടിച്ചുകെട്ടിയത്. ലയണൽ മെസി, എംബാപ്പെ, നെയ്മർ എന്നീ മൂന്ന് സൂപ്പർ താരങ്ങളെയും പിഎസ്ജി ഇറക്കിയിരുന്നു. 15ആം മിനുട്ടിൽ എംബാപ്പെയുടെ ചടുല നീക്കം പിഎസ്ജിയെ മുന്നിൽ എത്തിച്ചു. ഇടതു വിങ്ങിൽ നിന്ന് കയറി വന്ന് എംബാപ്പെ നൽകിയ പാസ് ആൻഡെർ ഹെരേര വലയിലാക്കി. വൈകാതെ പിഎസ്ജിക്ക് മറുപടി കൊടുക്കാൻ ക്ലബ് ബ്രുഗെക്കായി. 27ആം മിനുട്ടിൽ ഹാൻസ് വനാകെയാണ് ഗോള്‍ നേടിയത്.

പിന്നീട് ഇരുഭാഗത്തും ഗോളവസരങ്ങള്‍ ഉണ്ടായെങ്കിലും ഒന്നും ഗോളായി മാറിയില്ല. മെസിയുടെ ഒരു ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി. പന്ത് കൈവശം വെക്കുന്നതിൽ മെസി-നെയ്മർ-എംബാപ്പെ സംഘത്തിന് ആയെങ്കിലും ഗോള്‍ പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ എംബാപ്പെക്ക് പരിക്കേറ്റത് പിഎസ്ജിക്ക് തിരിച്ചടിയായി.

റയൽ മാഡ്രിഡ്, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി ടീമുകൾക്ക് ജയം

ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആർ.ബി ലെയ്പ്സിങിനെ മൂന്നിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ചു. ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ സിറ്റിക്ക് പിഎസ്ജിയാണ് എതിരാളി.

കളി തീരാൻ ഒരു മിനിട്ട് ശേഷിക്കെ റോഡിഗ്രോ നേടിയ ഗോളിലൂടെയാണ് ഇന്റർമിലാനെതിരായ റയലിന്റെ ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ലിവർപൂൾ എസി മിലാനെയും പരാജയപ്പെടുത്തി. അത്‍ലറ്റികോ മാഡ്രിഡ് പോർട്ടോ മത്സരം ഗോൾ രഹിത സമനിലയില്‍ കലാശിച്ചു. അയാക്സ് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് സ്പോർട്ടിങിനെ തോൽപ്പിച്ചു.

Similar Posts