< Back
Football
ലിവർപൂളോ യുനൈറ്റഡോ?; ആരാണ് ഇംഗ്ലണ്ടിലെ രാജാവ് ?
Football

ലിവർപൂളോ യുനൈറ്റഡോ?; ആരാണ് ഇംഗ്ലണ്ടിലെ രാജാവ് ?

Sports Desk
|
28 April 2025 4:32 PM IST

ലണ്ടൻ: ആരാണ് ഇംഗ്ലണ്ടിലെ രാജാവ്? മാഞ്ചസ്റ്റർ യുനൈറ്റഡിന്റേയും ലിവർപൂളിന്റെയും ആരാധകർ കുറച്ചു വർഷങ്ങളായി തർക്കത്തിലേർപ്പെടുന്ന ഒരു വിഷയമാണിത്. ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം ഉറപ്പിച്ചതോടെ ഈ തർക്കം ഒന്നുകൂടെ രൂക്ഷമാവുകയാണ്. 20 ലീഗ് കിരീടങ്ങൾ എന്ന യുനൈറ്റഡിന്റെ റെക്കോർഡിനൊപ്പം ലിവർപൂളും എത്തിയതോടെയാണ് വിഷയം വീണ്ടും ആരാധകരുടെ ഇടയിൽ കൊഴുക്കുന്നത്. ആറ് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ലിവർപൂളിന് യൂറോപ്പിൽ മേൽക്കൈ നേടിക്കൊടുക്കുന്നു. പക്ഷേ ലിവർപൂളിന്റെ 20 ലീഗ് ടൈറ്റിലുകളിൽ രണ്ടെണ്ണമേ 1992ൽ പ്രീമിയർ ലീഗ് ഫോർമാറ്റ് തുടങ്ങിയ ശേഷം ഉള്ളു എന്നത് യുണൈറ്റഡ് ഫാൻസ്‌ ഉയർത്തിക്കാട്ടുന്നു.

മറുഭാഗത്തു പ്രീമിയർ ലീഗ് ഫോർമാറ്റിൽ മാത്രമായി 13 കിരീടങ്ങൾ ചുവന്ന ചെകുത്താന്മാർ ഫെർഗൂസൺ യുഗത്തിൽ നേടിയിട്ടുണ്ട്.

ആകെ മേജർ കിരീടങ്ങളുടെ എണ്ണമെടുത്താൽ യുണൈറ്റഡിന്റെ 47 ന് എതിരെ 52 ട്രോഫിയുമായി ലിവർപൂൾ മുന്നിലാണ്. എങ്കിലും കമ്മ്യൂണിറ്റി ഷീൽഡിന്റെ എണ്ണം കൂടി പരിഗണിക്കുമ്പോൾ രണ്ട് ക്ലബ്ബുകളും 68 ട്രോഫികളോടെ ഒപ്പത്തിനൊപ്പം. ഇംഗ്ലണ്ടിനകത്തെ ട്രോഫികളിൽ എഫ്എ കപ്പിൽ 13 ട്രോഫികളുമായി മാഞ്ചസ്റ്റർ യുനൈറ്റഡിന് മേൽകൈ ഉള്ളപ്പോൾ, ലീഗ് കപ്പിൽ 10 ട്രോഫിയുമായി ലിവർപൂളിന് ആണ് ലീഡ്.

യൂറോപ്പിലേക്ക് വരുമ്പോ ലിവർപൂളിനാണ് വ്യക്തമായ അധിപത്യം. ആറ് ചാമ്പ്യൻസ് ലീഗ്, മൂന്ന് യൂറോപ്പ ലീഗ്, നാല് യുവേഫ സൂപ്പർ കപ്പ് എന്നിങ്ങനെ 13 യൂറോപ്യൻ ട്രോഫികൾ ആൻഫീൽഡിലെത്തി. മൂന്ന് തവണ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗ്, യുവേഫ കപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവയിൽ ഓരോ തവണ വീതവും യുനൈറ്റഡ് മുത്തമിട്ടു.

യൂറോപ്പിന് പുറത്തെ നേട്ടങ്ങൾ നോക്കുമ്പോൾ ലിവർപൂളിന് 2019 ൽ നേടിയ ഫിഫ ക്ലബ് വേൾഡ് കപ്പ് മാത്രമാണുള്ളത്. യുണൈറ്റഡിന് 2008 ലെ ക്ലബ് വേൾഡ് കപ്പിനോടൊപ്പം 99 ൽ നേടിയ ഇന്റർകോണ്ടിനെന്റൽ കപ്പുമുണ്ട് മുൻ‌തൂക്കം നൽകുന്നു.

Related Tags :
Similar Posts