< Back
Football
ജന്മനാട്ടില്‍ അഞ്ചു കോടി രൂപാ ചെലവിൽ ആശുപത്രി പണിത് സദിയോ മാനെ
Football

ജന്മനാട്ടില്‍ അഞ്ചു കോടി രൂപാ ചെലവിൽ ആശുപത്രി പണിത് സദിയോ മാനെ

abs
|
23 Jun 2021 12:40 PM IST

രണ്ടര ലക്ഷം പൗണ്ടാണ് ഹൈസ്‌കൂളിനായി നൽകിയിരുന്നത്

ദാകാർ: ജന്മനാട്ടിൽ അഞ്ചു ലക്ഷം പൗണ്ട് (5.18 കോടി രൂപ) ചെലവഴിച്ച ആശുപത്രി നിർമിച്ച് ലിവർപൂൾ സൂപ്പർതാരം സദിയൊ മാനെ. സെനഗലിലെ ബംബാലി ഗ്രാമത്തിൽ നിർമിച്ച ആശുപത്രി ഞായറാഴ്ച താരം തന്നെയാണ് ഉദ്ഘാടനം ചെയ്തത്. നൂറുകളക്കിന് ആൾക്കൂട്ടമാണ് ചടങ്ങിനായി ഒത്തുകൂടിയത്. തലസ്ഥാനമായ ദാകാറിൽ നിന്ന് നാനൂറു കിലോമീറ്റർ അകലെയാണ് മാനെയുടെ ജന്മനാട്.

പദ്ധതിയെ കുറിച്ച് നേരത്തെ സെനഗലീസ് പ്രസിഡണ്ട് മാക്കി സാളുമായി മാനെ ചർച്ച നടത്തിയിരുന്നു. മിക്കവാറും എല്ലാ ചികിത്സാ സൗകര്യങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ഗ്രാമത്തിലെ ആദ്യത്തെ ആശുപത്രി കൂടിയാണിത്. നേരത്തെ, ഗ്രാമത്തിൽ സ്വന്തം ചെലവിൽ ഒരു ഹൈസ്‌കൂളും മസ്ജിദും മാനെ നിർമിച്ചിരുന്നു. രണ്ടര ലക്ഷം പൗണ്ടാണ് ഹൈസ്‌കൂളിനായി നൽകിയിരുന്നത്.


ലളിതമായ ജീവിത ശൈലി കൊണ്ട് മറ്റു താരങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തനാണ് മാനെ. അവധിക്കാലം ചെലവഴിക്കാനായി സൂപ്പർ താരങ്ങൾ ടൂറിസം ഡെസ്റ്റിനേഷനുകൾ തെരഞ്ഞെടുക്കുമ്പോൾ സ്വന്തം നാട്ടിലേക്കാണ് ലിവർപൂൾ താരം പോകാറുള്ളത്. കുടുംബ സുഹൃത്തുക്കളോടൊത്ത് മാങ്ങ തിന്നുന്ന മാനെയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആഫ്രിക്കൻ കപ്പിനായി പരിശീലനം നടത്തുന്ന അണ്ടർ 20 റഗ്ബി ടീമിനൊപ്പം സമയം ചെലവഴിക്കാനും താരം സമയം കണ്ടെത്തി.


അതിനിടെ, ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന ആഫ്രിക്കൻ നാഷൻസ് കപ്പിൽ പങ്കെടുക്കുന്നതു മൂലം അടുത്ത സീസണിൽ ലിവർപൂളിന്റെ ആദ്യ കളികൾ താരത്തിന് നഷ്ടമാകും. മാനെയ്ക്ക് പുറമേ, മറ്റൊരു ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാഹും ടൂർണമെന്റിൽ ബൂട്ടുകെട്ടുന്നുണ്ട്. ജനുവരി ഒമ്പതിന് ആരംഭിക്കുന്ന ടൂർണമെന്റ് ഫെബ്രുവരി ആറിനാണ് അവസാനിക്കുന്നത്.

Similar Posts