< Back
Football
LiverpoolvsEverton, CodyGakpofirstgoal
Football

2023ലെ ആദ്യ ജയം, ലിവര്‍പൂളിന് ആശ്വാസം; ചെമ്പടയ്ക്കായി അക്കൗണ്ട് തുറന്ന് ഗാക്പോ

Web Desk
|
14 Feb 2023 8:51 AM IST

ലോകകപ്പിലെ മിന്നും പ്രകടനത്തിനു പിന്നാലെ ഡച്ച് ക്ലബായ പി.എസ്.വി ഐന്തോവനിൽനിന്ന് 370 കോടിക്ക് ലിവർപൂൾ റാഞ്ചിയ ഗാക്പോ ഏഴാം മത്സരത്തിലാണ് ടീമിനായി അക്കൗണ്ട് തുറക്കുന്നത്

ലണ്ടൻ: ഒടുവിൽ 2023ലെ ആദ്യ വിജയം കുറിച്ച് ലിവർപൂൾ. പ്രീമിയർ ലീഗ് പോരാട്ടത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ലിവർപൂൾ ചിരവൈരികളായ എവർട്ടനെ തകർത്തത്. ചെങ്കുപ്പായത്തിൽ ഡച്ച് താരം കോഡി ഗാക്‌പോ അക്കൗണ്ട് തുറന്നപ്പോൾ മുഹമ്മദ് സലാഹ് മറ്റൊരു ഗോളും നേടി.

ആൻഫീൽഡിൽ എല്ലാംകൊണ്ടും ലിവർപൂളിന്റെ ദിനമായിരുന്നു ഇന്നലെ. സഹാലിൻരെ നേതൃത്വത്തിൽ യർഗൻ ക്ലോപ്പിൻരെ സംഘം നിറഞ്ഞാടിയ മത്സരത്തിൽ തിരിച്ചുവരാനുള്ള എവർട്ടൻരെ ശ്രമങ്ങളെല്ലാം പാളി. 36-ാം മിനിറ്റിൽ സലാഹ് തന്നെ തുടങ്ങിവച്ച ഒരു കൗണ്ടർ അറ്റാക്കിൽനിന്നാണ് മത്സരത്തിലെ ആദ്യഗോൾ പിറന്നത്. ലിവർപൂൾ ബോക്‌സിൽ രണ്ട് മികച്ച അവസരങ്ങൾ പാഴാക്കിയ എവർട്ടൻ കളഞ്ഞുകുളിച്ചിടത്തുനിന്നായിരുന്നു പ്രത്യാക്രമണം. ഡാർവിൻ ന്യൂൻസിന് നൽകിയ പാസ് തിരിച്ചുവാങ്ങി പന്ത് സലാഹ് എവർട്ടൻ വലയിലേക്ക് അനായാസം കോരിയിട്ടു.

രണ്ടാം പകുതിയിലായിരുന്നു ഗാക്‌പോയുടെ കന്നി ഗോൾ. 49-ാം മിനിറ്റിൽ അലെക്‌സാണ്ടർ ആർണോൾഡ് നീട്ടി അളന്നുമുറിച്ചു നൽകിയ ക്രോസ് ഏറ്റുവാങ്ങാനായി ബോക്‌സിന്റെ വലതുവിങ്ങിലേക്ക് കുതിച്ചെത്തിയ ഗാക്‌പോയ്ക്ക് പിഴച്ചില്ല. പാസ് ഗാക്‌പോ അനായാസം ഗോൾവലയിലാക്കിയപ്പോൾ എവർട്ടൻ കീപ്പർക്കും പ്രതിരോധത്തിനും നോക്കിൽനിൽക്കാനേ ആയുള്ളൂ. ലോകകപ്പിലെ മിന്നും പ്രകടനത്തിനു പിന്നാലെ ഡച്ച് ക്ലബായ പി.എസ്.വി ഐന്തോവനിൽനിന്ന് 370 കോടിക്ക് ലിവർപൂൾ റാഞ്ചിയ താരം ടീമിനായി ഏഴാം മത്സരത്തിലാണ് അക്കൗണ്ട് തുറക്കുന്നത്.

അവസാനത്തെ നാല് കളിയിൽ മൂന്നും തോറ്റായിരുന്നു ലിവർപൂൾ എവർട്ടനെ നേരിടാനിറങ്ങിയത്. ഒരൊറ്റ ഗോൾ മാത്രം എതിർവലയിലെത്തിക്കാനായ സംഘം ഒൻപത് ഗോൾ വഴങ്ങുകയും ചെയ്തിരുന്നു. ഇന്നലത്തെ ജയത്തോടെ ചെമ്പട പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്ക് മുന്നേറി. എവർട്ടൻ 18-ാം സ്ഥാനത്താണ്.

Summary: Liverpool 2-0 Everton: Reds return to winning ways after thumbing performance over Everton Premier League as Cody Gakpo opens the account for the team

Similar Posts