< Back
Football
മാഡ്രിഡ് ഡെർബിക്ക് ഒരുങ്ങി ജിദ്ദ ; റയലും അത്‍ലറ്റികോയും നേർക്കുനേർ
Football

മാഡ്രിഡ് ഡെർബിക്ക് ഒരുങ്ങി ജിദ്ദ ; റയലും അത്‍ലറ്റികോയും നേർക്കുനേർ

Sports Desk
|
8 Jan 2026 1:31 PM IST

ജിദ്ദ : സ്പാനിഷ് സൂപ്പർ കപ്പിന്റെ രണ്ടാം സെമി ഫൈനലിൽ കരുത്തരായ റയൽ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും നേർക്കുനേർ. ഇന്ത്യൻ സമയം രാത്രി 12:30 ന് ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലാണ് മത്സരം. പരിക്കേറ്റ സൂപ്പർ താരം കിലിയൻ എംബാപ്പെയില്ലാതെയാണ് റയൽ കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങി ഹാട്രിക്ക് നേടിയ ഗോൺസാലോ ഗാർഷ്യയുടെ ഫോമിലാണ് റയലിന്റെ പ്രതീക്ഷകൾ. മറുപുറത്ത് അവസാന നാല് മത്സരങ്ങളിൽ ഗോൾ നേടാനാവാത്ത ഹൂലിയൻ അൽവാരസിന്റെ മോശം ഫോമാണ് സിമിയോണിയെയും സംഘത്തെയും അലട്ടുന്നത്.

സീസണിൽ ഇതിന് മുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോൾ ജയം അത്‌ലറ്റികോക്കൊപ്പമായിരുന്നു. അത്‍ലറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ മെട്രോ പൊളിറ്റാനോയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു സിമിയോണിയും സംഘവും വിജയിച്ചത്. ഹൂലിയൻ അൽവാരസ്, അന്റോയിൻ ഗ്രീസ്മാൻ, ലെ നൊമാർഡ്, സോർലോത്ത് എന്നിവർ അത്‍ലറ്റികോക്കായി ഗോൾ നേടിയപ്പോൾ എംബാപ്പെയും അർധ ഗുളറുമായിരുന്നു റയലിന്റെ സ്കോറർമാർ.

ആദ്യ സെമിയിൽ അത്‌ലറ്റിക് ക്ലബ്ബിനെ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തി ബാഴ്‌സ ഫൈനൽ ഉറപ്പിച്ചു. റഫീന്യ, ഫെർമിൻ ലോപസ്, റൂണി ബാഡ്ജി, ഫെറാൻ ടോറസ് എന്നിവരാണ് ബാഴ്‌സക്കായി ഗോൾ നേടിയത്. ജനുവരി 11 നാണ് ഫൈനൽ പോരാട്ടം.

Similar Posts