< Back
Football
antony
Football

ആന്റണി: ആയിരം കോടി നൽകി യുനൈറ്റഡ് അടിച്ച സെൽഫ് ഗോൾ

Sports Desk
|
21 Jan 2025 9:46 PM IST

ഗോളുകളുടെ എണ്ണത്തിൽ മാത്രമല്ല. ആ കാലുകളിൽ നിന്നും ലക്ഷണമൊത്ത പാസ് പോലും ലഭിക്കുകയെന്നത് യുനൈറ്റഡിന് അപൂർവസംഭവമായി മാറി

2022ലെ സമ്മർ ട്രാൻസ്ഫർ കാലം. അന്ന് ഓൾഡ് ട്രാഫോഡിലെ ചർച്ചകളെല്ലാം ആന്റണിയെ ചുറ്റിപ്പറ്റിയായിരുന്നു. അയാക്സിലെ തന്റെ നേട്ടങ്ങൾ ഇവിടെയും ആർത്തിക്കണമെങ്കിൽ അവൻ കൂടി വേണമെന്ന് എറിക് ടെൻഹാഗ് ക്ലബ് അധികാരികളെ അറിയിച്ചു. കോച്ചിന്റെ വാക്കുകളെ വിശ്വസിച്ച യുനൈറ്റഡ് സംഘം പലകുറി ആംസ്റ്റർഡാമിലെത്തി ചർച്ചകൾ നടത്തി. 30 മില്യൺ യുറോയാണ് യുനൈറ്റഡ് ആന്റണിക്കായി മനസ്സിൽ വകയിരുത്തിയിരുന്നത്. പക്ഷേ പണം കൊണ്ട് മൂടിയാലും അവനെ വിട്ടുതരില്ലെന്ന നിലപാടായിരുന്നു അയാക്സിന്.

കോഡി ഗാക്പോ, ക്രിസ്റ്റ്യൻ പുലിസിച്ച് അടക്കമുള്ള മറ്റു ഓപ്ഷനുകളെല്ലാം മാറ്റിവെച്ചായിരുന്നു യുനൈറ്റഡ് ആന്റണിക്ക് പിന്നാലെക്കൂടിയത്. ആ ലക്ഷ്യം എന്തുവിലകൊടുത്തും നേടിയെടുക്കുമെന്ന് യുനൈറ്റഡ് ഉറപ്പിച്ചു. ഒടുവിൽ തന്റെ പഴയ ആശാനായ എറിക് ടെൻഹാഗിനൊപ്പം വീണ്ടും ഒരുമിക്കാനുള്ള ആഗ്രഹം ആന്റണി പരസ്യമാക്കിയതോടെയാണ് വിഷയത്തിൽ ധാരണയായത്.


പക്ഷേ പണം യുനൈറ്റഡ് വിചാരിച്ച ഇടത്ത് നിന്നില്ല. അങ്ങനെ 2027വരെയുള്ള കാലത്തേക്ക് 100 മില്യൺ യൂറോയെന്ന സ്വപ്നതുല്യമായ തുകക്ക് ആന്റണി ഓൾഡ് ട്രാഫോഡിലിറങ്ങി.

‘‘അയാക്സിൽ ടെൻഹാഗിന്റെ ശിക്ഷണത്തിൽ കളിച്ചത് എന്നെ നന്നായി വളർത്തി. അദ്ദേഹത്തിന്റെ കളി ശൈലിയും നിർദേശങ്ങളും എന്നെ മികച്ചവനാക്കി. അയാക്സിലെ അതേ നേട്ടങ്ങൾ ഇവിടെയും ആവർത്തിക്കാനാണ് ഞാൻ യുനൈറ്റഡിലെത്തിയിരിക്കുന്നത്’’- ഓൾഡ് ട്രോഫോഡിലേക്കുള്ള വരവിൽ ആന്റണിയടെ വാക്കുകൾ ഇങ്ങനെയായിരുന്നു. അന്ന് യുനൈറ്റഡ് ഫുട്ബോൾ ഡയറക്ടറായിരുന്ന ജോൺ മുർത്തോക്കാകട്ടെ, യൂറോപ്പിലെ ഏറ്റവും മികച്ച യുവതാരത്തെ കിട്ടിയ സന്തോഷമായിരുന്നു. ആന്റണിക്ക് സ്ളോട്ടൊരുക്കാൻ ആന്റണി ഒലോങ്കയെന്ന അക്കാഡമി പ്രൊഡക്റ്റിനെ യുനൈറ്റഡ് നോട്ടിങ്ഹാം ഫോറസ്റ്റിന് വിൽക്കുകയും ചെയ്തു.

അങ്ങനെ യുനൈറ്റഡ് ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ തുകക്ക് ആന്റണി ചെങ്കുപ്പായമണിഞ്ഞു. ആദ്യ മൂന്ന് മത്സരങ്ങളിൽ മൂന്ന് ഗോൾ നേടിക്കൊണ്ട് ആന്റണി വരവറിയിച്ചു. പണം കൊടുത്താലെന്താണ് ഫലമുണ്ടല്ലോ എന്ന് ആരാധകരും മാനേജ്മെന്റും സമാധാനിച്ചു. പക്ഷേ പിന്നീടങ്ങോട്ട് യുനൈറ്റഡ് കണ്ടത് ഒരിക്കലും കാണരുതേ എന്നാഗ്രഹിച്ച കാഴ്ചകളാണ്.


തുടർന്നുള്ള 15 മത്സരങ്ങളിൽ ഒരു ഗോൾപോലുമില്ലാതെയാണ് ആന്റണി കടന്നുപോയത്. അതോടെ ബ്രിട്ടീഷ് മാധ്യമങ്ങളുടെ ക്യാമറക്കണ്ണകേൾ യുനൈറ്റഡിന്റെ 100 മില്യൺ താരത്തിലേക്ക് സൂം ചെയ്തു തുടങ്ങി. സാരമില്ല, അടുത്ത സീസണിൽ ശരിയാകുമെന്ന് പലരും കരുതി. അങ്ങനെ 2023-24 സീസണിന് അരങ്ങൊരുങ്ങി. ഫുൾടൈമും അല്ലാതെയുമായി 25 മത്സരങ്ങളിലാണ് ആൻണിയെ കളത്തിലിറക്കിയത്. കൃത്യമായിപ്പറഞ്ഞാൽ 1323 മിനുറ്റുകൾ ആന്റണി കളത്തിലുണ്ടായിരുന്നു. തന്റെ പ്രത്യേക താൽപര്യത്തിൽ വന്ന താരത്തിന് പരമാധി സമയം തന്നെ ടെൻഹാഗ് നൽകി. പക്ഷേ ശതകോടികൾ വിലയുള്ള ആ ബൂട്ടിൽ നിന്നും യുനൈറ്റഡിന് കിട്ടിയത് ഒരു ഗോളും ഒരു അസിസ്റ്റും മാത്രം.

യുനൈറ്റഡ് ചെയ്ത മണ്ടത്തരങ്ങളിൽ ഏറ്റവും വലിയ മണ്ടത്തരം ആന്റണിയാണെന്ന് ആതോടെ വ്യക്തമായിത്തുടങ്ങി. മാധ്യമങ്ങളും ട്രോളൻമാരും വെറുതെയിരുന്നില്ല. ആന്റണിയുടെ മീമുകൾ സമൂഹമാധ്യമങ്ങളിൽ പറപറന്നുതുടങ്ങി. യുനൈറ്റഡിന്റെ മോശം കാലത്തിന്റെ ഒരു സിംബലായിത്തന്നെ ആന്റണി മാറി.

ഗോളുകളുടെ എണ്ണത്തിൽ മാത്രമല്ല. ആ കാലുകളിൽ നിന്നും ലക്ഷണമൊത്ത പാസ് പോലും ലഭിക്കുകയെന്നത് യുനൈറ്റഡിന് അപൂർവസംഭവമായി മാറി. വലിയ മുന്നൊരുക്കളുമായി ആന്റണി നടത്തുന്ന ഡ്രിബ്ലിങ്ങുകൾ അമ്പേ പാളുന്നതും മൈതാനത്ത് വഴുതിവീഴുന്നതുമെല്ലാം വലിയ പരിഹാസങ്ങളാണ് വിളിച്ചുവരുത്തിയത്.

ആന്റണിയുടെ പല മീമുകൾ സമൂഹമാധ്യമങ്ങളിൽ പറക്കുന്നുണ്ട്. അതിൽ ഏറ്റവും വൈറലായ മീമുകളിലൊന്നാണിത്.


ആഴ്സനലുമായുള്ള മത്സരത്തിൽ യുനൈറ്റഡ് ഒരു ഗോൾ പിന്നിൽ നിൽക്കേ 69ാം മിനുറ്റിൽ ആന്റണി സബ്സ്റ്റിറ്റ്യുട്ടായി മൈതാനത്തിറങ്ങുന്ന ചിത്രമാണിത്. ഒരു സ്പോർട്സ്മാൻ സ്പിരിറ്റ്‍ വ്യൂവിൽ ഈ ചിത്രത്തിന് പ്രശ്നമൊന്നുമില്ല. പക്ഷേ ആ മുഖഭാവത്തിൽ ട്രോളൻമാർക്ക് ആഘോഷിക്കാൻ ഒരുപാടുണ്ടായിരുന്നു. മറ്റൊരിക്കൽ കൂടി ആന്റണി ക്രൂരമായി പരിഹസിക്കപ്പെട്ടു. 2024 എഫ്എകപ്പിലായിരുന്നു അത്. രണ്ടാം ഡിവിഷൻടീമായ കോവൺസ്ട്രി സിറ്റിയുമായുള്ള മത്സരത്തിൽ യുനൈറ്റഡ് മൂന്ന് ഗോളിന് മുന്നിലായിരുന്നു. പക്ഷേ മൂന്നെണ്ണം തിരിച്ചടിച്ച് കോവൺട്രിസിററ്റി ഗംഭീരമായി മത്സരത്തിലേക്ക് തിരിച്ചുവന്നു. ഒടുവിൽ ഷൂട്ടൗട്ടിലാണ് യുനൈറ്റഡ് രക്ഷപ്പെട്ടത്. രണ്ടാം ഡിവിഷൻ ടീമിനെതിരെ രക്ഷപ്പെട്ടതിന് ശേഷമുള്ള ആന്റണിയുടെ ആഘോഷപ്രകടനം വല്ലാതെ പരിഹസിക്കപ്പെട്ടിരുന്നു. 100 മില്യൺ പൊഡ്രക്റ്റ് എന്ന ആ ടാഗ് ആന്റണിക്ക് മേൽ എന്നും അങ്ങനെ തൂങ്ങിനിന്നു.

കളിക്കളത്തിന് പുറത്തും ആന്റണി നിറഞ്ഞത് മോശം തലക്കെട്ടുകളിലായിരുന്നു. ആന്റണി തങ്ങളെ പീഡിപ്പിച്ചെ ആരാപണവുമായി മൂന്ന് സ്ത്രീകൾ രംഗത്ത് വന്നതും വലിയ വാർത്തയായി. ബ്രസീലിൻമാധ്യമങ്ങൾ ഇത് വലിയ പ്രധാന്യത്തോടെ വാർത്ത നൽകി. വിഷയത്തിൽ യുനൈറ്റഡ് മൗനം പാലിക്കുന്നുവെന്ന് വിമർശനങ്ങളുയർന്നു. ഒടുവിൽ സംഭവത്തിൽ യുനൈറ്റഡിന് ഔദ്യോഗികമായി പ്രസ്താവനയിറക്കേണ്ടി വന്നു. സംഭവത്തെത്തുടർന്ന് ലോകകപ്പ് യോഗ്യത മത്സരത്തിൽ നിന്നും ബ്രസീൽ ആന്റണിയെ മാറ്റിനിർത്തി.

2023 ഏപ്രിലിന് ശേഷം ആന്റണി പ്രീമിയർ ലീഗിൽ ഒരു ഗോൾ പോലും നേടിയിട്ടില്ല. ബ്രസീൽ ദേശീയ ടീമിനും ആന്റണിയെ വേണ്ടായിരുന്നു.

പരിഹാസങ്ങളിലും മോശം പ്രകടത്തിലും മനം മടുത്ത് ഒടുവിൽ ആന്റണി തന്നെ രംഗത്തെത്തി. തന്റെ ശരീരത്തിൽ പചക്കുത്തിയതെല്ലാം തന്റെ പോയകാലത്തെ ചേരിയിലെ ജീവിതമോർക്കാനാണെന്ന് ആന്റണി തുറന്നുറഞ്ഞു. ‘‘ഫുട്ബോൾ കളിക്കാൻ എനിക്ക് ബൂട്ടുപോലുമില്ലാത്ത കാലമുണ്ടായിരുന്നു. മതിയായ ആഹാരമോ എന്തിന് കിടക്കാൻ ഒരു മുറിയോ എനിക്കില്ലായിരുന്നു. സാവോ പോളോയിൽ പ്രളയം വരുമ്പോൾ അത് തന്റെ വീടിനെയും മുക്കും. ഇന്ന് പണം കിട്ടിയപ്പോൾ വീട്ടുകാരെയെല്ലാം അവിടുന്ന് മാറ്റി’’ - തുടങ്ങി വൈകാരികമായാണ് ആന്റണി പ്രതികരിച്ചത്.

വലിയ പണം നൽകിയതിനാൽ തന്നെ ആന്റണിയെ എന്തുചെയ്യണമെന്നതിൽ യുനൈറ്റഡിനും സംശയമുണ്ടായിരുന്നു. ഒടുവിൽ ആന്റണി റയൽ ബെറ്റിസിലേക്ക് ലോണിൽ പോകുന്നുവെന്നാണ് കേൾക്കുന്നത്. തൊട്ടുമുമ്പ് സതാംപട്ണണെതിരെ നടന്ന മത്സരത്തിൽ ഒരു സുവർണാവസരം ആന്റണി നഷ്ടമാക്കിയിരുന്നു. Miss of the season എന്ന തലക്കെട്ടിലാണ് അത് ആഘോഷിക്കപ്പെട്ടത്. മാഞ്ചസ്റ്റർ യുനൈറ്റഡ് കണ്ട അല്ലെങ്കിൽ പ്രീമിയർ ലീഗ് തന്നെ കണ്ട ഏറ്റവും മോശം ട്രാൻസ്ഫറെന്ന പേരുമായാണ് ആന്റണി ഓൾഡ് ട്രോഫാഡിന്റെ പടിയിറങ്ങുന്നത്.

Related Tags :
Similar Posts