< Back
Football
പ്രീമിയർ ലീഗിൽ കിരീടയാത്രക്ക് തുടക്കമിട്ട് സിറ്റി; ചെൽസിക്കെതിരെ രണ്ട് ഗോൾ ജയം
Football

പ്രീമിയർ ലീഗിൽ കിരീടയാത്രക്ക് തുടക്കമിട്ട് സിറ്റി; ചെൽസിക്കെതിരെ രണ്ട് ഗോൾ ജയം

Sports Desk
|
18 Aug 2024 11:24 PM IST

എർലിങ് ഹാളണ്ട്, കൊവാസിച് എന്നിവരാണ് സിറ്റിക്കായി ഗോൾ നേടിയത്

ലണ്ടൻ: കഴിഞ്ഞ സീസണിൽ നിർത്തിയിടത്ത് നിന്ന് തുടങ്ങി മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർലീഗ് പുതിയ സീസണിലെ ആദ്യ മത്സരത്തിൽ കരുത്തരായ ചെൽസിയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി കിരീടയാത്രക്ക് തുടക്കം കുറിച്ചു. എർലിങ് ഹാളണ്ട് (18), കൊവാസിച് (84) എന്നിവരാണ് നിലവിലെ ചാമ്പ്യൻമാർക്കായി വിജയ ഗോൾ നേടിയത്. ആദ്യാവസാനം സിറ്റിക്കെതിരെ മികച്ച പ്രകടനം നടത്തിയെങ്കിലും ഫിനിഷിങിലെ പോരായ്മകളാണ് ചെൽസി യുവനിരക്ക് തിരിച്ചടിയായത്. പുതിയ പരിശീലകൻ എൻസോ മരെസ്‌കക്ക് കീഴിൽ 4-2-3-1 ഫോർമേഷനിലാണ് സ്വന്തം തട്ടകമായ സ്റ്റാഫോർഡ് ബ്രിഡ്ജിൽ ചെൽസി ഇറങ്ങിയത്. മറുഭാഗത്ത് റോഡ്രി,കെയിൽ വാക്കർ ഇല്ലാതെയാണ് സിറ്റി ഇറങ്ങിയത്.

ചെൽസി പ്രതിരോധത്തിലെ പിഴവിൽ നിന്നാണ് സിറ്റിയുടെ ആദ്യഗോൾ വന്നത്. 18ാം മിനിറ്റിൽ ഇടത് വിങിലൂടെ കുതിച്ച ജെർമി ഡോകു ബോക്‌സിലേക്ക് നൽകിയ പന്ത് ചെറിയ ടച്ചിൽ ബെർണാഡോ സിൽവ ഹാളണ്ടിനെ ലക്ഷ്യമാക്കി മറിച്ചുനൽകി. ചെൽസിയുടെ രണ്ട് പ്രതിരോധ താരങ്ങളെ മറികടന്ന് ഹാളണ്ട് പോസ്റ്റിലേക്ക് ചിപ്പ് ചെയ്തിട്ടു. ഗോൾവീണതോടെ ഉണർന്നുകളിച്ച ചെൽസി ഒറ്റപ്പെട്ട നീക്കങ്ങളിലൂടെ കളംനിറഞ്ഞെങ്കിലും ഫിനിഷിങിലെ പോരായ്മകൾ തിരിച്ചടിയായി. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ സ്‌ട്രൈക്കർ നിക്കോളാസ് ജാക്‌സൻ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡ് കെണിയിൽ കുടുങ്ങി.

രണ്ടാം പകുതിയിലും ആക്രമണ പ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞു. പെഡ്രോ നെറ്റോയേയും ഡ്യൂസ്ബറി ഹാളിനേയും മാർക് ഗുയിയേയും കളത്തിലിറക്കി നീലപട സമനില ഗോളിനായി ശ്രമം നടത്തി. മറുഭാഗത്ത് സിറ്റി നടത്തിയ ഏക സബ്‌സ്റ്റിറ്റിയൂഷൻ സാവിഞ്ഞോയ്ക്ക് പകരം ഫിൽഫോഡനെ കളത്തിലിറക്കിയതായിരുന്നു. 84ാം മിനിറ്റിൽ മികച്ചൊരു നീക്കത്തിലൂടെ മുൻ ചെൽസി താരം കൂടിയായ കൊവാസിച് രണ്ടാം ഗോളും നേടി പട്ടിക പൂർത്തിയാക്കി. ചെൽസി പ്രതിരോധത്തെ വെട്ടിച്ച് ബോക്‌സിലേക്ക് മുന്നേറിയ ക്രൊയേഷ്യൻ താരത്തിന്റെ ഷോട്ട് ഗോൾകീപ്പർ റോബർട്ട് സാഞ്ചസിന്റെ കൈയിൽ തട്ടി വലയിൽ വിശ്രമിച്ചു. മത്സരത്തിലുടനീളം മൂന്ന് തവണയാണ് ചെൽസി താരങ്ങൾ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചത്.

Similar Posts