< Back
Football
rodri
Football

റോഡ്രിയുടെ പരിക്ക് ഗുരുതരം; സിറ്റിക്ക് കനത്ത തിരിച്ചടി

Sports Desk
|
24 Sept 2024 3:55 PM IST

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിർത്താൻ ഒരുങ്ങുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി. ആഴ്‌സണലിനെതിരായ പ്രീമിയർ ലീഗ് പോരാട്ടത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ മിഡ്ഫീൽഡർ റോഡ്രിയുടെ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്. താരം ശസ്ത്രക്രിയക്ക് വിധേയനാകുമെന്നും ഒമ്പത് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നുമാണ് സൂചനകൾ. ഇതോടെ സീസൺ മുഴുവൻ താരത്തിന് നഷ്ടമായേക്കും.

ആഴ്‌സണലിന്റെ തോമസ് പാർട്ടെയുമായി കൂട്ടിയിടിച്ചായിരുന്നു താരത്തിന് പരിക്കേറ്റത്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ചാംപ്യൻസ് ലീഗ് പോരാട്ടത്തിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് പരിക്ക് വീണ്ടും വില്ലനായെത്തിയത്.

സിറ്റിയുടെ കുതിപ്പിന് പിന്നിലെ നിർണായക സാന്നിധ്യമായിരുന്ന റോഡ്രിയുടെ പരിക്ക് പുതിയ സീസണിലെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ്. റോഡ്രി ഇറങ്ങിയ 260 മത്സരങ്ങളിൽ സിറ്റിയുടെ വിജയ ശതമാനം 73 ആണെങ്കിൽ തോൽവി 11 മാത്രമാണ്. എന്നാൽ താരമില്ലാതെ ഇറങ്ങിയ 45 മത്സരങ്ങളിൽ സിറ്റിയുടെ വിജയം 64ഉം തോൽവി 24ഉം ശതമാനമാണ്. റോഡ്രിക്കൊപ്പം സിറ്റി കഴിഞ്ഞ 48 പ്രീമിയർ ലീഗ് മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല. എന്നാൽ താരമില്ലാതെ ഇറങ്ങിയ അഞ്ചിൽ നാലും തോൽക്കുകയും ചെയ്തു.

യൂറോ കപ്പ് ഫൈനലിനിടെ പരിക്കേറ്റ റോഡ്രിക്ക് ഈ സീസണിൽ ആകെ 66 മിനുട്ട് മാത്രമേ കളിക്കാനായിട്ടുള്ളു. 2019ൽ സിറ്റിയിലെത്തിയ താരം ക്ലബിനായി 260 മത്സരങ്ങളിൽ നിന്നും 26 ഗോളും 30 അസിസ്റ്റും സ്വന്തമാക്കി. സിറ്റിയുടെ തുടർച്ചയായ നാല് പ്രീമിയർ ലീഗ് കിരീട വിജയത്തിലും ആദ്യ ചാംപ്യൻസ് ലീഗ് വിജയത്തിലും റോഡ്രി നിർണ്ണായക പങ്കുവഹിച്ചു. 2023 ചാംപ്യൻസ് ലീഗ് ഫൈനലിലെ നിർണായക ഗോൾ നേടിയതും റോഡ്രിയായിരുന്നു.ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള സാധ്യതാ പട്ടികയിൽ മുൻനിരയിലുള്ള താരമാണ് റോഡ്രി.

Similar Posts