< Back
Football
യുനൈറ്റഡിന് നാണക്കേട്; ജയം തുടർന്ന് ലിവർപൂൾ
Football

യുനൈറ്റഡിന് നാണക്കേട്; ജയം തുടർന്ന് ലിവർപൂൾ

Sports Desk
|
1 Sept 2024 11:02 PM IST

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗ്ലാമർ പോരിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ തരിപ്പണമാക്കി ലിവർപൂൾ. യുനൈറ്റഡ് തട്ടകമായ ഓൾഡ് ​ട്രാഫോഡിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്നും യുനൈറ്റഡിന്റെ രണ്ടാം തോൽവിയാണിത്.

മത്സരത്തിന്റെ 35, 42 മിനുറ്റുകളിൽ നേടിയ ഗോളുകളിൽ കൊളംബിയൻ താരം ലൂയിസ് ഡയസാണ് ലിവർപൂളിനെ മുന്നിലെത്തിച്ചത്. രണ്ട് അസിസ്റ്റുകളും നൽകിയത് ഫോമിൽ തുടരുന്ന മുഹമ്മദ് സലാഹ്. മോശം ഫോം തുടരുന്ന യുനൈറ്റഡ് താരം കസിമിറോയുടെ ബലഹീനതകളിൽ നിന്നാണ് ലിവർപൂൾ ഗോൾകുറിച്ചത്. ഇടവേളക്ക് ശേഷം 56ാം മിനുറ്റിൽ മുഹമ്മദ് സലാഹ് വീണ്ടും വലകുലുക്കിയതോടെ യുനൈറ്റഡിന്റെ വിധി തീരുമാനമായിരുന്നു. യുനൈറ്റഡിനായി മത്യാസ് ഡിലിറ്റ് തന്റെ ആദ്യ മത്സരത്തിനിറങ്ങി.


മത്സരത്തിൽ അലജാൻഡ്രോ ഗർണാച്ചോയെ പിൻവലിച്ച് അമാദിനെ കളിപ്പിച്ചതിന് യുനൈറ്റഡ് കോച്ച് എറിക് ടെൻഹാഗിനെതിരെ ഗ്യാലറി കൂവിയാർക്കുന്നതും മത്സരത്തിൽ കണ്ടു. ​അതേ സമയം പുതിയ കോച്ച് അർനെ സ്ളോട്ടിനൊപ്പം ഉജ്ജ്വല ഫോം തുടരുന്ന ലിവർപൂൾ മൂന്നുമത്സരങ്ങളിൽ മൂന്നും വിജയിച്ച് തങ്ങളുടെ ശക്തി കാണിച്ചു.

മറ്റുമത്സരങ്ങളിൽ പോയ മത്സരത്തിൽ ഫോം വീണ്ടെടുത്ത ചെൽസിക്ക് വീണ്ടും നിരാശയുടെ ദിനം. സ്വന്തം തട്ടകമായ സ്റ്റാംഫഡ് ബ്രിഡ്ജിൽ 25ാം മിനുറ്റിൽ നികൊളാണ് ജാക്ൺ നേടിയ ഗോളിൽ മുന്നിലെത്തിയ ​നീലപ്പടക്കെതിരെ 53ാം മിനുറ്റിൽ ​ക്രിസ്റ്റൽ പാലസ് തിരിച്ചടിക്കുകയായിരുന്നു.

കരുത്തരായ ടോട്ടൻഹാമിനെ ന്യൂകാസിൽ യുനൈറ്റഡും അടിയറവ് പറയിച്ചു. 37ാം മിനുറ്റിൽ ഹാർവി ബേൺസിലൂടെ മുന്നിലെത്തിയ ന്യൂകാസിലിന് 56ാം മിനുറ്റിൽ ഡാൻ ബേൺ നേടിയ സെൽഫ് ഗോൾ വിനയായി. ടോട്ടനം കളം പിടിച്ചുവരുന്നതിനിടെ 78ാം മിനുറ്റിൽ അലക്സാണ്ടർ ഇസാക്ക് ന്യൂകാസിലിനായി രണ്ടാം ഗോളും നേടുകയായിരുന്നു.

Similar Posts