< Back
Football
ത്രില്ലർ പോരിൽ യുണൈറ്റഡിന് ജയം; വിജയഗോൾ പിറന്നത് അവസാന മിനിറ്റിൽ
Football

ത്രില്ലർ പോരിൽ യുണൈറ്റഡിന് ജയം; വിജയഗോൾ പിറന്നത് അവസാന മിനിറ്റിൽ

Web Desk
|
2 Feb 2024 11:27 AM IST

സമനിലയുറപ്പിച്ച സമയത്ത് 90+7ാം മിനിറ്റിൽ കോബി മൈനൂലൂടെ യുണൈറ്റഡ് ത്രില്ലർ വിജയം പിടിച്ചെടുത്തു.

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏഴുഗോൾ ത്രില്ലർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. വോൾവ്‌സിനെ മൂന്നിനെതിരെ നാലുഗോളുകൾക്കാണ് കീഴടക്കിയത്. സമനിലയിലേക്കെന്ന് തോന്നിപ്പിച്ച മത്സരത്തിൽ ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിലാണ് മുൻ ചാമ്പ്യൻമാർ വിജയഗോൾ നേടി മൂന്ന് പോയന്റ് ഉറപ്പിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് യുണൈറ്റഡ് മുന്നിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ വോൾവ്‌സ് മൂന്ന് ഗോളുകൾ തിരിച്ചടിച്ചു. സമനിലയുറപ്പിച്ച സമയത്ത് 90+7ാം മിനിറ്റിൽ കോബി മൈനൂലൂടെ യുണൈറ്റഡ് ത്രില്ലർ വിജയം പിടിച്ചെടുത്തു.

അഞ്ചാം മിനിറ്റിൽ മാർക്കസ് റാഷ്‌ഫോർഡിലൂടെയാണ് യുണൈറ്റഡ് മുന്നിലെത്തിയത്. 22-ാം മിനിറ്റിൽ റാസ്മസ് ഹോയ്ലൻഡ് ലീഡ് വർധിപ്പിച്ചു. യുണൈറ്റഡ് വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിയടത്ത് നിന്ന് കളി മാറി. 71-ാം മിനിറ്റിൽ പാബ്ലോ സറേബിയ വോൾവ്‌സിനായി പെനാൽറ്റിയിലൂടെ ആദ്യഗോൾ തിരിച്ചടിച്ചു. 75ാം മിനിറ്റിലെ ഗോളിലൂടെ സ്‌കോട് മക്ടൊമിനെയ് യുണൈറ്റഡിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. എന്നാൽ പോരാട്ടം തുടർന്ന ആതിഥേയർ 85ാം മിനിറ്റിൽ മാക്‌സ് കിൽമാനിലൂടെയും ഇഞ്ചുറി ടൈമിൽ 95-ാം മിനിറ്റിൽ പെഡ്രോ നെറ്റോയിലൂടെയും ഗോൾ നേടി മത്സരം (3-3) സമനിലയിലാക്കി. എന്നാൽ 97-ാം മിനിറ്റിൽ കൗമാര താരം കോബി മൈനൂ നേടിയ ഗോളിലൂടെ റെഡ് ഡെവിൾസ് വിജയം കുറിച്ചു.

മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാമിനെതിരെ ബേൺമൗത്ത് സമനില പിടിച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ നിലവിൽ ലിവർപൂളാണ് ഒന്നാമത്. മാഞ്ചസ്റ്റർ സിറ്റി രണ്ടാമതും ആഴ്‌സനൽ മൂന്നാമതുമാണ്. 35 പോയന്റുള്ള യുണൈറ്റഡ് ഏഴാമതാണ്.

Similar Posts