< Back
Football
24 പെനാൽറ്റി കിക്കുകൾ ; ഒടുവിൽ ഗ്രിംബസ്ബി ടൗണിനോട് തോറ്റ് മാഞ്ചസ്റ്റർ യുനൈറ്റഡ് പുറത്ത്
Football

24 പെനാൽറ്റി കിക്കുകൾ ; ഒടുവിൽ ഗ്രിംബസ്ബി ടൗണിനോട് തോറ്റ് മാഞ്ചസ്റ്റർ യുനൈറ്റഡ് പുറത്ത്

Sports Desk
|
28 Aug 2025 11:01 AM IST

ലണ്ടൻ : കരബാവോ കപ്പ് രണ്ടാം റൗണ്ടിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് പുറത്ത്. നാലാം ഡിവിഷൻ ഇംഗ്ലീഷ് ക്ലബായ ഗ്രിംബസ്ബി ടൗണാണ് ഷൂട്ടൗട്ടിൽ യുനൈറ്റഡിനെ കീഴ്പ്പെടുത്തിയത്. നിശ്ചിത സമയത്ത് 2-2 സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ 24 പെനാൽറ്റി കിക്കുകൾക്ക് ശേഷമാണ് ഗ്രിംബസ്ബി ടൗൺ വിജയമുറപ്പിച്ചത്.

22 ആം മിനുട്ടിൽ ഗ്രിംബസ്ബി ടൗൺ മത്സരത്തിലെ ആദ്യ ഗോൾ നേടി. യുനൈറ്റഡ് മധ്യനിരയിലെ പിഴവ് മുതലെടുത്ത് മുന്നേറിയ സംഘം അതിവേഗം ഗോൾമുഖത്തേക്ക് ബോൾ പായിച്ചു. ബോക്സിന്റെ ഇടത് വിങ്ങിൽ നിന്നും ചാൾസ് വെർനം തൊടുത്ത ഷോട്ട് ഗോൾകീപ്പർ ഒനാനക്ക് തടുക്കാനാവാതെ വന്നതോടെ പന്ത് വലയിലെത്തി. പത്ത് മിനിറ്റിനകം ഗ്രിംബസ്ബി ടൗൺ ലീഡുയർത്തി. കോർണർ കിക്ക് ക്ലിയർ ചെയ്യുന്നതിൽ ഒനാനക്ക് പിഴച്ചതോടെ ബോക്സിൽ തക്കം പാർത്തിരുന്ന ടൈറൽ വാറൻ പന്ത് വലയിലാക്കി.

രണ്ടാം പകുതിയിൽ ബ്രയാൻ എംബ്യൂമോയുടെയും ഹാരി മഗ്വയറിന്റെയും ഗോളുകളിൽ യുനൈറ്റഡ് സമനില പിടിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ആദ്യ രണ്ട് കിക്കുകളും ഇരു ടീമും വലയിലെത്തിച്ചു.ഗ്രിംബസ്ബി ടൗണിന്റെ മൂന്നാം കിക്ക് ഒനാന തടുത്തിട്ടതോടെ മത്സരം യുനൈറ്റഡിന് അനുകൂലമായി. എന്നാൽ വിജയമുറപ്പിക്കാനുള്ള അഞ്ചാം കിക്ക് മതിയാസ്‌ കുന്യ നഷ്ട്ടപ്പെടുത്തിയതോടെ മത്സരം സഡൻഡെത്തിലേക്ക് നീങ്ങി. സഡൻഡെത്തിൽ ബ്രയാൻ എംബ്യൂമോയുടെ ഷോട്ട് ഗോൾകീപ്പർ ക്രിസ്റ്റി പിം തടുത്തിട്ടതോടെ യുനൈറ്റഡ് ടൂർണമെന്റിൽ നിന്നും പുറത്തായി

Similar Posts