< Back
Football
ബൈസിക്കിൾ ഗോളുമായി മെസി; പി.എസ്.ജിക്ക് തകർപ്പൻ ജയം
Football

ബൈസിക്കിൾ ഗോളുമായി മെസി; പി.എസ്.ജിക്ക് തകർപ്പൻ ജയം

Web Desk
|
7 Aug 2022 10:27 AM IST

കഴിഞ്ഞ സീസണിൽ നിറംമങ്ങിയ മെസി സൂപ്പർ കപ്പടക്കം രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോൾ ഇതിനകം നേടിക്കഴിഞ്ഞു

രണ്ട് ഗോളും ഒരു അസിസ്റ്റുമായി സൂപ്പർ താരം ലയണൽ മെസി നിറഞ്ഞു കളിച്ച മത്സരത്തിൽ അഞ്ചു ഗോളിന്റെ ജയത്തോടെ പി.എസ്.ജി ഫ്രഞ്ച് ലീഗ് 2022-23 സീസണിൽ രണ്ടാം ജയം സ്വന്തമാക്കി. ഫ്രഞ്ച് സൂപ്പർ കപ്പിൽ നാന്റസിനെ എതിരില്ലാത്ത നാലു ഗോളിന് മുക്കി സീസൺ ആരംഭിച്ച പാരിസുകാർ, ലീഗ് സീസണിലെ ആദ്യ മത്സരവും അവിസ്മരണീയമാക്കി. മനോഹരമായ ബൈസിക്കിൾ കിക്ക് ഗോളടക്കം മെസി തിമിർത്താടിയപ്പോൾ 0-5 നാണ് പി.എസ്.ജി ക്ലർമെന്റ് ഫുട്ടിനെ തകർത്തത്. നെയ്മർ, അഷ്‌റഫ് ഹക്കീമി, മാർക്വിഞ്ഞോസ് എന്നിവരായിരുന്നു പി.എസ്.ജിയുടെ മറ്റ് സ്‌കോറർമാർ. മെസിയുടെ ഒന്നാം ഗോളടക്കം മൂന്ന് ഗോളിന് വഴിയൊരുക്കി നെയ്മറും മിന്നി.

ഒമ്പതാം മിനുട്ടിൽ ബോക്‌സിൽ നിന്നുള്ള മെസിയുടെ പിൻകാൽ പാസ് ലക്ഷ്യത്തിലെത്തിച്ച് നെയ്മറാണ് ഗോൾവേട്ടയ്ക്ക് തുടക്കം കുറിച്ചത്. 26-ാം മിനുട്ടിൽ നെയ്മറിന്റെ പാസ് സ്വീകരിച്ച് അഷ്‌റഫ് ഹക്കിമി കരുത്തുറ്റ ഷോട്ടിലൂടെ ലീഡുയർത്തി. 38-ാം മിനുട്ടിൽ നെയ്മറുടെ ഫ്രീകിക്കിൽ തലവെച്ച് മാർക്വിഞ്ഞോസ് ലീഡ് മൂന്നാക്കി ഉയർത്തി. ഇടവേളയ്ക്കു പിരിയുമ്പോൾ പി.എസ്.ജി 0-3 ന് മുന്നിലായിരുന്നു.

80-ാം മിനുട്ടിലായിരുന്നു മെസി സീസണിലെ തന്റെ അക്കൗണ്ട് തുറന്നത്. ഗോൾമുഖത്തുവെച്ച് ബ്രസീലിയൻ താരം നീക്കിക്കൊടുത്ത പന്ത് വലയിലേക്ക് ഉരുട്ടി വിടേണ്ട ജോലിയേ മെസിക്കുണ്ടായിരുന്നുള്ളൂ.

86-ാം മിനുട്ടിലാണ് ക്ലെർമെന്റ് സ്റ്റേഡിയത്തെ ഞെട്ടിച്ച മെസിയുടെ അക്രോബാറ്റിക് ഗോൾ വന്നത്. പരദെസ് ഉയർത്തിനൽകിയ പന്ത് ബോക്‌സിലേക്ക് ഓടിക്കയറി ഗോളിന് പുറംതിരിഞ്ഞു നിന്ന് നെഞ്ചിൽ സ്വീകരിച്ച മെസി, നിമിഷാർധത്തിൽ ഇടങ്കാലുയർത്തി തലയ്ക്കു മീതെ പന്തിനെ വലയിലേക്കയക്കുകയായിരുന്നു. തൊട്ടുമുന്നിൽ മെസി നടത്തിയ അഭ്യാസം മനസ്സിലാകാത്ത ക്ലെർമെന്റ് ഗോൾകീപ്പർ മോറി ഡിയോയ്ക്ക് പന്ത് വലയിലേക്കിറങ്ങുന്നത് നോക്കിനിൽക്കാനേ സാധിച്ചുള്ളൂ.

2021 സീസൺ തുടക്കത്തിൽ പി.എസ്.ജിയിലെത്തിയ മെസി ആ വർഷം വെറും ആറ് ലീഗ് ഗോളുകൾ മാത്രമാണ് നേടിയത്. എന്നാൽ, പുതിയ സീസണിൽ ആദ്യ മത്സരത്തിൽ തന്നെ ഇരട്ട ഗോളുമായി താരം വരവറിയിച്ചു. സൂപ്പർ കപ്പടക്കം മൂന്ന് മത്സരങ്ങളിൽ നിന്ന് സൂപ്പർ താരത്തിന്റെ ഗോൾസമ്പാദ്യം മൂന്നായിട്ടുണ്ട്.

Similar Posts