< Back
Football
കോച്ച് സ്ഥിരീകരിച്ചു, മെസ്സി - നെയ്മർ - എംബാപ്പെ ഇന്നിറങ്ങും
Football

കോച്ച് സ്ഥിരീകരിച്ചു, മെസ്സി - നെയ്മർ - എംബാപ്പെ ഇന്നിറങ്ങും

André
|
15 Sept 2021 3:23 PM IST

കരിയറിലെ 150-ാം ചാമ്പ്യൻസ് ലീഗ് മത്സരത്തിനാവും മെസ്സി ഇന്ന് ബൂട്ടുകെട്ടുക.

യുവേഫ ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയുടെ ഇന്നത്തെ മത്സരത്തിൽ ലയണൽ മെസ്സിയും നെയ്മറും കെയ്‌ലിയൻ എംബാപ്പെയും ഒന്നിച്ചു കളിക്കുമെന്ന് കോച്ച് മൗറിഷ്യോ പൊചെറ്റിനോ. മൂന്ന് സൂപ്പർ താരങ്ങളെയും ഒന്നിച്ചിറക്കുമോ എന്ന മാധ്യമപ്രവർത്തകുരടെ ചോദ്യത്തിന് 'അത് സാധ്യമാണ്' എന്നായിരുന്നു കോച്ചിന്റെ മറുപടി. ബെൽജിയൻ ക്ലബ്ബ് ബ്രുഗ്ഗിനെതിരെ അവരുടെ തട്ടകത്തിലാണ് പി.എസ്.ജി ചാമ്പ്യൻസ് ലീഗ് ക്യാമ്പയിൻ ആരംഭിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 12.30 നാണ് കിക്കോഫ്.

മെസ്സിയെയും നെയ്മറിനെയും എംബാപ്പെയെയും അണിനിരത്തി ആക്രമണനിര ഒരുക്കുന്നതിൽ താൻ ആവേശഭരിതനാണെന്നും അവർ ഒന്നിച്ചു കളിക്കുന്നത് കാണാൻ മറ്റുള്ളവർക്കും ആവേശമുണ്ടാകുമെന്നും പൊചറ്റിനോ പറഞ്ഞു. കഴിഞ്ഞ നാല് ചാമ്പ്യൻസ് ലീഗ് സീസണിൽ മൊത്തം ആറ് കളിക്കാർ മാത്രമാണ് 30-ലേറെ ഗോളുകളിൽ നേരിട്ട് പങ്കാളികളായത്. അതിൽ മൂന്നു പേർ എംബാപ്പെയും (37) മെസ്സിയും (36) നെയ്മറും (31) ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരിയറിലെ 150-ാം ചാമ്പ്യൻസ് ലീഗ് മത്സരത്തിനാവും മെസ്സി ഇന്ന് ബൂട്ടുകെട്ടുക. 149 മത്സരങ്ങൾ ബാഴ്‌സയ്ക്കു വേണ്ടി കളിച്ച അർജന്റീനാ താരത്തിന്റെ പി.എസ്.ജി കുപ്പായത്തിലുള്ള ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റമായിരിക്കും ഇത്. ബാഴ്‌സയ്ക്കു വേണ്ടി 120 ഗോളുകളും 35 അസിസ്റ്റുകളുമാണ് മെസ്സി ചാമ്പ്യൻസ് ലീഗിൽ നേടിയത്.

രണ്ട് പതിറ്റാണ്ടിലേറെ കളിച്ച ബാഴ്‌സ വിട്ട് പി.എസ്.ജിയിലെത്തിയ ലയണൽ മെസ്സി ഇതുവരെ ഫ്രഞ്ച് ക്ലബ്ബിനായി കളിച്ചത് വെറുമൊരു മത്സരത്തിലാണ്. അതും സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങി 24 മിനുട്ട് മാത്രം. ഇന്നത്തെ മത്സരത്തിൽ, നെയ്മറിനെ വലതും എംബാപ്പെയെ ഇടതും വശങ്ങളിൽ നിർത്തി മൂന്നംഗ അറ്റാക്കിന്റെ മധ്യത്തിലായിരിക്കും മെസ്സിയെ കോച്ച് ഇറക്കുക. ബാഴ്സയിലേതു പോലെ മെസ്സി ഒരൽപം പിന്നോട്ടിറങ്ങി ക്രിയേറ്റീവ് റോളിൽ കളിക്കുമോ അതോ കൂടുതൽ ഗോൾ നേടാൻ കഴിയുംവിധത്തിൽ അറ്റാക്കിങ്ങിൽ പങ്കാളിയാകുമോ എന്നതാണ് ആരാധകർ കാത്തിരിക്കുന്ന കൗതുകം. അർജന്റീനക്കൊപ്പം കോപ അമേരിക്ക നേടിയതോടെ ബാളൻ ഡോർ സാധ്യതാ പട്ടികയിൽ മുന്നിലെത്തിയ മെസ്സിക്ക് ചാമ്പ്യൻസ് ലീഗിലെ മികവ് കൂടുതൽ ഗുണം ചെയ്യും.

Similar Posts