< Back
Football
യുഗാന്ത്യം; മെസ്സിയും റൊണാൾഡോയുമില്ലാതെ ബാലൻ ഡി ഓർ പട്ടിക പുറത്ത്
Football

യുഗാന്ത്യം; മെസ്സിയും റൊണാൾഡോയുമില്ലാതെ ബാലൻ ഡി ഓർ പട്ടിക പുറത്ത്

Sports Desk
|
5 Sept 2024 2:37 PM IST

പാരിസ്: ബാലൻഡി ഓർ സാധ്യത പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ അതിലുള്ളവരേക്കാൾ വാർത്തയായത് അതിലില്ലാത്തവരായിരുന്നു. റൊസാരിയോയുടെ നക്ഷത്രമോ മെദീരയുടെ രാജകുമാരനോ ഇല്ലാതെ 2003ന് ശേഷം ഇതാദ്യമായൊരു ബാലൻ ഡി ഓർ പട്ടിക പുറത്തുവന്നു. ഒരു ഗ്രഹം അതിന്റെ ഭ്രമണപഥം പൂർത്തിയാക്കിയപോലെ ഒരു കാലം ഇവിടെ അവസാനിക്കുന്നു. കാൽപന്ത് ലോകത്തെ ഇരുധ്രുവങ്ങളിലായി നിർത്തിയ രണ്ടു പേരുകൾ 30 അംഗപട്ടികയിൽ പോലും ഇല്ലാതിരുന്നതോടെ നമുക്കൊന്നുറപ്പിക്കാം. ഒരു യുഗം ഇവിടെ അവസാനിച്ചിരിക്കുന്നു.

എന്തൊരു കാലമാണ് നമ്മെ കടന്നുപോയത്. 2007ൽ കക്ക കിരീടം ചൂടുമ്പോൾ രണ്ടാമനായിരുന്ന ക്രിസ്റ്റ്യാനോ തൊട്ടടുത്ത വർഷം തന്നെ അതേറ്റുവാങ്ങി. പിന്നീട് മെസ്സി യുഗമായിരുന്നു. എതിരാളികളില്ലാതെ തുടർച്ചയായ നാലുതവണ മെസ്സി സാമ്രാജ്യം പിടിക്കുമ്പോൾ ക്രിസ്റ്റാനോ മുറിവേറ്റവനായിരുന്നു. കഠിനാധ്വാനത്താൽ അയാൾ തിരിച്ചുവന്നു. 2013ലും 2014ലും മെസ്സി കാൺകെ റൊണാൾഡോ സുവർണ ഗോളത്തിൽ ചുംബിക്കുമ്പോൾ ലോകം അയാൾക്കൊപ്പം കൈയ്യടിച്ചു. നൈസർഗിക ശേഷിയാൽ 2015ൽ മെസ്സി ഗംഭീരമായി തിരിച്ചുവന്നു. 2016ലും 2017ലും മെസ്സിയെ പിന്തള്ളി റൊണാൾഡോ വീണ്ടും അമരത്തേക്ക്. രണ്ട് ഇതിഹാസങ്ങൾ തമ്മിൽ മികച്ചവരിൽ മികച്ചവരാകാൻ പോരടിക്കുന്നത് ലോകം ഇമവെട്ടാതെ നോക്കി നിന്നു. ഒടുവിൽ 2018ൽ ലൂക്കാ മോഡ്രിച്ച് ആ കുത്തക തകർത്തു.

ഇരു ​ധ്രുവങ്ങളായി മാത്രം കിടന്നിരുന്ന ആ കാലം അതോടെ അവസാനിച്ചിരുന്നു. 2019ൽ വിർജിൽ വാൻഡൈക്കും 2021ൽ റോബർട്ട് ലെവൻഡോവ്സ്കിയും ഉയർത്തിയ കനത്ത വെല്ലുവിളി അതിജീവിച്ചാണ് മെസ്സി ജേതാവായത്. 2022ൽ മാഡ്രിഡുകാർക്കായി ബെൻസേമ കിരീടം തിരിച്ചുപിടിച്ചു. ഇന്റർ മിയാമിയിലേക്ക് ചേക്കേറിയെങ്കിലും ലോക കീരീടം നേടിയ താരത്തെ അവഗണിക്കാനാകാത്തതിനാൽ വീണ്ടുമൊരിക്കൽ കൂടി ബാലൻഡി ഓറിൽ ലയണൽ മെസ്സിയിയെന്ന പേര് പതിഞ്ഞു. സാവി, ഇനിയേറ്റ, നെയ്മർ, ലെവൻഡോവ്സ്കി, ഫ്രാങ്ക് റിബറി... അങ്ങ​നെ ഇക്കാലയളവിൽ മുങ്ങിപ്പോയ ഒട്ടേറെപ്പേരുകളുമുണ്ട്.

Similar Posts