< Back
Football
വിലക്ക് അവസാനിച്ചു; പോഗ്ബയെ ടീമിലെത്തിച്ച് മൊണാക്കോ
Football

വിലക്ക് അവസാനിച്ചു; പോഗ്ബയെ ടീമിലെത്തിച്ച് മൊണാക്കോ

Sports Desk
|
1 July 2025 4:10 PM IST

18 മാസത്തെ വിലക്കിന് ശേഷമാണ് പോഗ്ബ പ്രൊഫഷണൽ ഫുടബോളിലേക്ക് മടങ്ങിയെത്തുന്നത്

മൊണാക്കോ: ഫ്രഞ്ച് മധ്യനിരതാരം പോൾ പോഗ്ബയെ ടീമിലെത്തിച്ച് ലീഗ് വൺ വമ്പന്മാരായ എ എസ് മൊണാക്കോ. രണ്ട് വർഷത്തെ കരാറിലാണ് താരം ടീമിനൊപ്പം ചേർന്നത്. നിരോധിത ഉത്തേജക മരുന്നുപയോഗവുമായി ബന്ധപ്പെട്ട് താരം നേരിട്ടിരുന്ന നാല് വർഷ വിലക്ക് കോടതി 18 മാസമായി കുറച്ചതോടെയാണ് പോഗ്ബ പ്രൊഫഷനൽ ഫുടബോളിലേക്ക് മടങ്ങി വരുന്നത്.

2024 ഫെബ്രുവരിയിലാണ് യുവന്റസ് താരമായിരുന്ന പോഗ്ബ നാല് വർഷ വിലക്ക് നേരിടുന്നത്. പിന്നാലെ നവംബറിൽ താരവുമായി നിലനിന്നിരുന്ന കരാർ യുവന്റസ് അവസാനിപ്പിച്ചു. വിലക്കിന് മേൽ പോഗ്ബ സമർപ്പിച്ച അപ്പീൽ പരിഗണിച്ച കോടതി കഴിഞ്ഞ ഒക്ടോബറിൽ താരത്തിന്റെ വിലക്ക് 18 മാസമായി കുറക്കുകയായിരുന്നു.

2016ൽ അന്നത്തെ റെക്കോർഡ് ട്രാൻസ്ഫർ തുകയായ 89 മില്യൺ പൗണ്ടിന് യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തിയ താരം, 2022 ലാണ് വീണ്ടും യുവന്റസിലേക്ക് മടങ്ങിയെത്തുന്നത്. രണ്ടാം വരവിൽ തുടർച്ചയായ പരിക്കുകൾ മൂലം പോഗ്ബക്ക് ഒരുപാട് മത്സരങ്ങൾ നഷ്ടമായിരുന്നു. 2018 ലോകകപ്പ് ജേതാക്കളായ ഫ്രഞ്ച് ടീമി​ലെ നിർണായക സാന്നിധ്യമായ താരത്തിന് പരിക്ക് മൂലം 2022 ഖത്തർ ലോകകപ്പിൽ ടീമിലിടം കണ്ടെത്താനായിരുന്നില്ല.

കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മൊണാക്കോ പോഗ്ബക്ക് പുറമെ ബാഴ്സയുടെ സ്പാനിഷ് യുവതാരം അൻസു ഫാത്തിയെയും ടീമിലെത്തിച്ചിട്ടുണ്ട്. ഒരു വർഷത്തെ ലോണിലാണ് ഫാത്തി മൊണാക്കോയിലെത്തുന്നത്.

Similar Posts