< Back
Football
Salah reveals he had an offer from Saudi Arabia
Football

സൗദിയിൽ നിന്നും ഓഫറുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി സലാഹ്

Sports Desk
|
27 May 2025 5:05 PM IST

സീസണിൽ 29 ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് പുരസ്‌കാരവും സലാഹ് സ്വന്തമാക്കിയിരുന്നു

ലണ്ടൻ: നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ലിവർപൂൾ താരം മുഹമ്മദ് സലാഹ് ക്ലബുമായുള്ള കരാർ പുതുക്കിയത്. സീസണിൽ തകർപ്പൻ ഫോമിൽ കളിച്ചിട്ടും ഈജിപ്ഷ്യൻ ഫോർവേഡിന് പുതിയ ഓഫർ നൽകാൻ ഇംഗ്ലീഷ് ക്ലബ് തയാറാകാതിരുന്നത് വലിയ വാർത്തയായിരുന്നു. ഒടുവിൽ വിർജിൽ വാൻഡെകിനൊപ്പം സലാഹുമായുള്ള കരാർ പുതുക്കാൻ ലിവർപൂൾ തീരുമാനിച്ചു. 2027 വരെയാണ് ഡീലിലെത്തിയത്.

അതേസമയം, ലിവർപൂളുമായുള്ള ചർച്ചകൾ നടക്കവെ സൗദി പ്രോ ലീഗ് പ്രതിനിധികൾ താനുമായി നിരന്തരം സംസാരിച്ചതായി വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സലാഹിപ്പോൾ. ''സൗദിയിൽ നിന്നും നിരവധി ഓഫറുണ്ടായിരുന്നു. ലിവർപൂളിൽ കരാർ പുതുക്കിയതിൽ സന്തോഷമുണ്ട്, താൻ ക്ലബ്ബിൽ തുടരാൻ അവർ ആഗ്രഹിച്ചു. ആരാധകരിൽ നിന്നും സമ്മർദ്ദമുണ്ടായിരുന്നു''-സലാഹ് വ്യക്തമാക്കി. യുർഗൻ ക്ലോപ്പും ആർനെ സ്ലോട്ടും മികച്ച പിന്തുണയാണ് നൽകിയതെന്നും സലാഹ് കൂട്ടിച്ചേർത്തു.

പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരാകുന്നതിൽ ലിവർപൂളിന്റെ നെടുംതൂണായിരുന്ന സലാഹ് 29 ഗോളും 18 അസിസ്റ്റുമായി നിർണായക പ്രകടനമാണ് നടത്തിയത്. പ്രീമിയർലീഗ് ഗോൾഡൻബൂട്ട്, പ്ലെയർഓഫ്ദി സീസൺ നേട്ടത്തിനും ഈജിപ്ഷ്യൻ ഫോർവേഡിനെ തെരഞ്ഞെടുത്തു. ഫുട്ബോളർ ഓഫ് ദി ഇയർ അവാർഡ് മൂന്നാം തവണ നേടിയ 32 കാരൻ നേട്ടത്തിൽ ആഴ്സനൽ താരം തിയറി ഹെൻറിക്കൊപ്പവുമെത്തിയിരുന്നു. 2017ൽ റോമയിൽ നിന്നാണ് സലാഹ് ലിവർപൂളിലെത്തുന്നത്.

Similar Posts