< Back
Football
If the time is wasted, the goalkeepers will have to work hard; A new rule is coming in football
Football

സമയം കളഞ്ഞാൽ ഗോൾ കീപ്പർമാർക്ക് ഇനി മുട്ടൻപണി; ഫുട്‌ബോളിൽ പുതിയ നിയമം വരുന്നു

Sports Desk
|
2 March 2025 8:34 PM IST

ഗോൾകീപ്പർ എട്ടു സെക്കന്റിൽ കൂടുതൽ പന്ത് കൈവശം വെച്ചാലാണ് റഫറിയുടെ നടപടി നേരിടേണ്ടിവരിക

ലണ്ടൻ: കളി അവസാനിക്കാൻ മിനിറ്റുകൾമാത്രം ബാക്കിനിൽക്കെ, സ്വന്തം ടീം ഗോൾനേടി മുന്നിട്ടു നിൽക്കുകയാണെങ്കിൽ ഗോൾകീപ്പർ മത്സരം വൈകിപ്പിക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നത് വർത്തമാനകാല ഫുട്‌ബോളിലെ സ്ഥിരം കാഴ്ചയാണ്. എതിർ ടീമും റഫറിയും ഒരുപോലെ ആവശ്യപ്പെട്ടാലും ഗോൾകീപ്പർ സമയമെടുത്ത് പതുക്കെയാകും പന്ത് റിലീസ് ചെയ്യുക. പലപ്പോഴും ടൈം വേസ്റ്റിങിന് അവസാന മിനിറ്റുകളിൽ ഗോൾകീപ്പർമാർക്ക് മഞ്ഞകാർഡ് നൽകുന്നതും നിത്യസംഭവമാണ്.

എന്നാൽ ഇത്തരത്തിൽ അനാവശ്യമായി കളി വൈകിപ്പിക്കുന്ന ഗോൾകീപ്പർമാർക്ക് ഇനി മുതൽ മുട്ടൻ പണിയാണ് ലഭിക്കുക. എട്ട് സെക്കന്റിൽ കൂടുതൽ ഗോൾകീപ്പർ പന്ത് ഹോൾഡ് ചെയ്താൽ എതിർടീമിന് അനുകൂലമായി കോർണർ നൽകുന്ന സുപ്രധാന നിയമം നടപ്പിലാക്കാനൊരുങ്ങുകയാണ് രാജ്യാന്തര ഫുട്‌ബോൾ അസോസിയേഷൻ. അടുത്ത സീസൺ മുതലാകും ഈ നിയമം പ്രാബല്യത്തിൽ വരിക. മത്സരത്തിനിടെ ടൈം വേസ്റ്റിങ് കണ്ടെത്തിയാൽ റഫറി കോർണർ വിധിക്കുകയാണ് ചെയ്യുക. ഇതിന് മുൻപായി റഫറി ഗോൾകീപ്പർക്ക് കൈവിരലുകൾ ഉയർത്തി മുന്നറിയിപ്പ് നൽകും.

നിലവിൽ പ്രാബല്യത്തിലുള്ള നിയമ പ്രകാരം ഗോൾകീപ്പർമാർക്ക് ആറു സെക്കന്റ് മാത്രമേ പന്ത് കൈവശം വെക്കാവൂ എന്നുണ്ടെങ്കിലും ഇത് കൃത്യമായി പ്രയോഗ തലത്തിൽ കൊണ്ടുവന്നിരുന്നില്ല. നിയമം കർശനമല്ലെന്ന് വന്നതോടെ പല ഗോൾകീപ്പർമാരും ഇത് ദുരുപയോഗം ചെയ്യാനും തുടങ്ങി. പലപ്പോഴും മത്സരത്തിന്റെ മൊമെന്റം കളയാൻ ഇത് കാരണമായി. പലപ്പോഴായി പരാതികളും ഉയർന്നതോടെ ഇന്റർ നാഷണൽ ഫുട്‌ബോൾ അസോസിയേഷൻ ബോർഡ് വാർഷിക ജററൽ ബോഡി യോഗത്തിൽ നിയമം പരിഷ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു. പരീക്ഷണാർത്ഥം ഇംഗ്ലണ്ടിലേയും ഇറ്റലിയിലേയും യൂത്ത് ലീഗുകളിലും മാൾട്ടയിലെ ലീഗിലും നേരത്തെ ഈ നിയമം നടപ്പിലാക്കിയിരുന്നു. ഇവിടെനിന്നെല്ലാം പോസറ്റീവ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് യൂറോപ്പിലടക്കമുള്ള പ്രധാന ലീഗുകളിലേക്ക് നിയമം വ്യാപിപ്പിക്കുന്നത്. ഈ വർഷം ജൂലൈ ഒന്നുമുതലാകും ആഗോളതലത്തിൽ ഇത് പ്രയോഗ തലത്തിൽവരിക. ഇതിന് മുൻപായി ജൂണിൽ മിയാമിയിൽ നടക്കുന്ന ക്ലബ് ലോകകപ്പിലും നിയമം നടപ്പിലാക്കാൻ അധികൃതർക്ക് പദ്ധതിയുണ്ട്.

Related Tags :
Similar Posts