< Back
Football
ലിയോക്ക് താരതമ്യമില്ല; മെസ്സിയെ വാനോളം പുകഴ്ത്തി നെയ്മർ
Football

'ലിയോക്ക് താരതമ്യമില്ല'; മെസ്സിയെ വാനോളം പുകഴ്ത്തി നെയ്മർ

abs
|
3 Nov 2022 6:05 PM IST

പിഎസ്ജിയിൽ ഒന്നിച്ചു കളിക്കുന്ന താരങ്ങളാണ് മെസ്സിയും നെയ്മറും

ലോകഫുട്‌ബോളിൽ ലയണൽ മെസ്സിക്ക് താരതമ്യങ്ങളില്ലെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. അർജന്റീനയുടെ കോപ്പ വിജയത്തെ കുറിച്ച് നവംബർ മൂന്നിന് നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ കാംപെവൺസ് ഡെ അമേരിക്ക (ചാമ്പ്യൻസ് ഓഫ് അമേരിക്ക) ഡോക്യുമെന്ററിയിലാണ് നെയ്മർ പിഎസ്ജിയിലെ സഹതാരമായ മെസ്സിയെ കുറിച്ച് മനസ്സു തുറന്നത്.

കോപ്പ അമേരിക്ക ഫൈനലിന് മുമ്പ് മെസ്സി അര്‍ജന്‍റൈന്‍ സഹതാരങ്ങളുമായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഡോക്യുമെന്ററിയുടെ ഹൈലൈറ്റ്. ഈ വീഡിയോ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരടി മാത്രം അകലെയാണ് ചരിത്രമെന്നും ആത്മവിശ്വാസത്തോടെ ഈ ട്രോഫി നാട്ടിലേക്ക് കൊണ്ടുപോകണമെന്നും മെസ്സി വീഡിയോയിൽ പറയുന്നുണ്ട്.

നെയ്മറിന് പുറമേ, അർജന്റീനയിലെ സഹതാരം എയ്ഞ്ചൽ ഡി മരിയ, റൊണാൾഡീഞ്ഞോ, ഡാനി ആൽവസ്, സാവി ഹെർണാണ്ടസ്, സെസ്‌ക് ഫാബ്രിഗസ്, സെർജിയോ ബുസ്‌ക്വെ, ലൂയി സുവാരസ്, ജോർഡി ആൽബ, ആർതുറോ വിദാൽ, ജാവിയർ സനേറ്റി, ജാവിയർ മഷറാനോ, പാബ്ലോ അയ്മർ തുടങ്ങിയവർ മെസ്സിയെ കുറിച്ച് ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്.



ഫ്രഞ്ച് ചാമ്പ്യൻ ക്ലബ്ബായ പിഎസ്ജിയിൽ ഒന്നിച്ചു കളിക്കുന്ന താരങ്ങളാണ് മെസ്സിയും നെയ്മറും. ഈ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ കളിക്കാരുടെ പട്ടികയിൽ ഇരുവരുമുണ്ട്. 29 അസിസ്റ്റുമായി മെസ്സിയാണ് പട്ടികയിൽ ഒന്നാമത്. 26 എണ്ണവുമായി നെയ്മർ മൂന്നാമതും. 26 അസിസ്റ്റുമായി മാഞ്ചസ്റ്റര്‍ സിറ്റി താരം എർലിങ് ഹാളണ്ടാണ് രണ്ടാമതുള്ളത്. പിഎസ്ജി ഈ സീസണിൽ നേടിയ അമ്പത് ഗോളിൽ 24 എണ്ണവും മെസ്സിയുടെയും (11) നെയ്മറിന്റെയും (13) ബൂട്ടിൽ നിന്നാണ്.



അതിനിടെ, നവംബർ 20ന് ആരംഭിക്കുന്ന ലോകകപ്പിൽ സൗദി അറേബ്യ, പോളണ്ട്, മെക്‌സിക്കോ എന്നിവരടങ്ങുന്ന ഗ്രൂപ്പ് സിയിലാണ് മെസ്സിയുടെ അർജന്റീന. 22ന് വൈകിട്ട് മൂന്നരയ്ക്ക് സൗദിക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം.

Related Tags :
Similar Posts