< Back
Football
ക്ലോപ്പിന് രക്ഷയില്ല: ലിവർപൂളിനെ അട്ടിമറിച്ച് നോട്ടിങാം ഫോറസ്റ്റ്‌
Football

ക്ലോപ്പിന് രക്ഷയില്ല: ലിവർപൂളിനെ അട്ടിമറിച്ച് നോട്ടിങാം ഫോറസ്റ്റ്‌

Web Desk
|
22 Oct 2022 7:45 PM IST

എതിരില്ലാത്ത ഒരൊറ്റ ഗോളിനായിരുന്നു നോട്ടിങ്ഹാം ഫോറസ്റ്റിന്റെ വിജയം.

ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവര്‍പൂളിനെ അട്ടിമറിച്ച് നോട്ടിങ്ഹാം ഫോറസ്റ്റ്. എതിരില്ലാത്ത ഒരൊറ്റ ഗോളിനായിരുന്നു നോട്ടിങ്ഹാം ഫോറസ്റ്റിന്റെ വിജയം. ഈ സീസണിൽ ഇതുവരെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാനാവാത്ത ക്ലോപ്പിന്റെ ലിവർപൂൾ കഷ്ടപ്പെടുകയാണ്. ഫോറസ്റ്റിന്റെ രണ്ടാം വിജയമാണിത്. ലീഗിൽ തുടരാൻ പ്രയാസപ്പെടുന്ന ഫോറസ്റ്റിന് ഈ വിജയം നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല.

രണ്ടാം പകുതിയിലാണ് ലിവര്‍പൂളിനെ നാണംകെടുത്തിയ ഗോള്‍ പിറന്നത്. 55ാം മിനുട്ടിൽ നൈജീരിയ സ്ട്രൈക്കർ തൈവോ അവോനിയിലാണ് ഫോറസ്റ്റിനായി വല കുലുക്കിയത്. ഒരു സെറ്റ് പീസിൽ നിന്ന് അവോനിയുടെ ആദ്യ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയെങ്കിലും തിരികെ വന്ന പന്ത്, താരം തന്നെ ഗോളാക്കുകയായിരുന്നു. അതേസമയം ആദ്യപകുതിയിലും, ലിവർപൂളും ഫോറസ്റ്റും നല്ല അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഗോൾ മാത്രം അകന്നു.

മത്സരത്തിന്റെ 76 ശതമാനവും പന്ത് കൈവശം വെച്ചത് ലിവര്‍പൂളായിരുന്നു. പതിനൊന്ന് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ നാല് ജയവും മൂന്ന് തോൽവിയും നാല് സമനിലയുമായി ഏഴാം സ്ഥാനത്താണ് ലിവർപൂൾ. 16 പോയിന്റാണ് ലിവർപൂളിനുള്ളത്. 19ാം സ്ഥാനത്തുള്ള ഫോറസ്റ്റ് ആകട്ടെ, സീസണിലെ രണ്ടാം ജയവും. ഒമ്പത് പോയിന്റാണ് ഫോറസ്റ്റിനുള്ളത്. 27 പോയിന്ററുമായി ആർസണലാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവർ.

Similar Posts