< Back
Football
European team solidarity; Palestine to play friendly football in Spain
Football

യൂറോപ്യൻ ടീമിന്റെ ഐക്യദാർഢ്യം; സ്‌പെയിനിൽ സൗഹൃദ ഫുട്‌ബോൾ കളിക്കാൻ ഫലസ്തീൻ

Sports Desk
|
22 Sept 2025 10:51 PM IST

ഇസ്രായേൽ യോഗ്യതനേടിയാൽ ലോകകപ്പ് ബഹിഷ്‌കരണടക്കമുള്ള കാര്യങ്ങൾ ആലോചിക്കുമെന്ന് സ്‌പെയിൻ നേരത്തെ വ്യക്തമാക്കിയിരുന്നു

ബിൽബാവോ: ഗസ്സയിലെ ഇസ്രായേൽ കൂട്ടകുരുതിക്കെതിരെ പരസ്യനിലപാടെടുത്ത യൂറോപ്യൻ രാജ്യമാണ് സ്‌പെയിൻ. മറ്റു മേഖലയിലേതുപോലെ കായിക രംഗത്തും ഇസ്രായേലിനെ ഒറ്റപ്പെടുത്തുമെന്ന് കഴിഞ്ഞദിവസം സ്‌പെയിൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇസ്രായേൽ യോഗ്യത നേടിയാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകകപ്പിൽ ടീമിനെ അയക്കുന്ന കാര്യത്തിൽ പുനരാലോചന നടത്തുമെന്നാണ് സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ വ്യക്തമാക്കിയത്. നിലവിൽ ലോക ഒന്നാം നമ്പർ ടീമാണ് സ്‌പെയിൻ. കഴിഞ്ഞദിവസമാണ് അർജന്റീനയെ മറികടന്ന് സ്പാനിഷ് ടീം തലപ്പത്തെത്തിയത്. വരാനിരിക്കുന്ന ലോകകപ്പിന്റെ ഫേവറേറ്റുകളായാണ് ടീമിനെ കരുതുന്നത്.

സ്‌പെയിന്റെ ഉറച്ചപിന്തുണക്ക് വലിയ പിന്തുണയാണ് ലോകമെമ്പാടും നിന്നായി ലഭിച്ചത്. ഇതിന് പിന്നാലെ ഫലസ്തീൻ ടീമിനെ സ്പാനിഷ് മണ്ണിൽ പന്തുതട്ടാൻ ക്ഷണിച്ചിരിക്കുകയാണിപ്പോൾ സ്‌പെയിൻ. ബാസ്‌ക് ഫുട്‌ബോൾ ഫെഡറേഷനാണ് ഏഷ്യൻ ടീമിനെ സൗഹൃദ ഫുട്‌ബോൾ കളിക്കാൻ ക്ഷണിച്ചത്. നവംബർ 15ന് സ്പാനിഷ് ലാലീഗ ക്ലബായ അത്‌ലറ്റിക് ബിൽബാവോയുടെ ഹോം ഗ്രൗണ്ടിലാകും ഫലസ്തിൻ ദേശീയ ടീമും ബാസ്‌ക് ദേശീയടീമും ഫ്രണ്ട്‌ലി മാച്ച് കളിക്കുക. ഗസ്സയിൽ ഇസ്രായേൽ നടക്കുന്ന വംശഹത്യയുടെ ഇരകൾക്കുള്ള ഐക്യദാർഢ്യമായാണ് ഇത്തരമൊരു സൗഹൃദമത്സരം സംഘടിപ്പിക്കുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഗസ്സ വംശഹത്യയുടെ പശ്ചാത്തലത്തിൽ ഇസ്രായേലിനെ ഫുട്‌ബോൾ വേദികളിൽ നിന്ന് വിലക്കാനൊരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. ഇസ്രായേലിന് വിലക്കണമെന്ന് നിരവധി രാജ്യങ്ങൾ യൂറോപ്യൻ ഫുട്‌ബോൾ ഭരണസമതിയായ യുവേഫയോട് കഴിഞ്ഞ ദിവസങ്ങളിലായി ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ചേരുന്ന യുവേഫ എകസിക്യൂട്ടീവ് കമ്മിറ്റി യോഗമാകും ഇക്കാര്യത്തില്ർ അന്തിമ തീരുമാനമെടുക്കുക. ഇസ്രായേൽ ദേശീയ ടീമിനെ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ നിന്ന് വിലക്കുന്നതോടൊപ്പം യൂറോപ്പ ലീഗിൽ കളിക്കുന്ന മകാബി തെൽ അവീവിയെന്ന ക്ലബിനേയും മാറ്റിനിർത്തുമെന്നാണ് റിപ്പോർട്ട്.

Similar Posts