< Back
Football
Argentina-France quarter-final at Olympics; Head-to-head after the World Cup
Football

ഒളിമ്പിക്‌സിൽ അർജന്റീന-ഫ്രാൻസ് ക്വാർട്ടർ ഫൈനൽ; ലോകകപ്പിന് ശേഷം നേർക്കുനേർ

Sports Desk
|
31 July 2024 3:32 PM IST

ഗ്രൂപ്പ് മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ഫ്രാൻസ് മുന്നേറിയത്. മൊറോക്കോയോട് കീഴടങ്ങിയ അർജന്റീന രണ്ടാം സ്ഥാനക്കാരായാണ് ക്വാർട്ടറിലെത്തിയത്.

പാരീസ്: ഖത്തർ ലോകകപ്പിലെ ഫൈനലിന് പിന്നാലെ വീണ്ടുമൊരു അർജന്റീന-ഫ്രാൻസ് പോരാട്ടത്തിന് കളമൊരുങ്ങുന്നു. പാരീസ് ഒളിമ്പിക്‌സ് ക്വാർട്ടർ ഫൈനലിലാണ് യൂറോപ്യൻ-ലാറ്റിനമേരിക്കൻ ടീമുകൾ ഏറ്റുമുട്ടുന്നത്. ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.ഓഗസ്റ്റ് രണ്ടിന് നടക്കുന്ന ആദ്യ ക്വാർട്ടറിൽ മൊറോക്കോ അമേരിക്കയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയെ അട്ടിമറിച്ച മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യൻമാരായണ് അവസാന എട്ടിലേക്ക് പ്രവേശിച്ചത്. മറ്റൊരു മത്സരത്തിൽ കഴിഞ്ഞ ഒളിമ്പിക്‌സിലെ വെള്ളിമെഡൽ ജേതാവായ സ്‌പെയിൻ ജപ്പാനെയും ഈജിപ്ത്-പരാഗ്വേയെയും നേരിടും.

മുൻ ഇതിഹാസ താരം തിയറി ഹെൻറി പരിശീലിപ്പിക്കുന്ന ഫ്രഞ്ച് ടീം മികച്ച ഫോമിലാണ്. സ്വന്തം നാട്ടുകാർക്ക് മുന്നിൽ ഇറങ്ങിയ ടീം മൂന്ന് മത്സരങ്ങൾ ജയിച്ചാണ് ക്വാർട്ടറിലേക്ക് മു്‌ന്നേറിയത്. ഇതുവരെ ഒരുഗോൾ പോലും വഴങ്ങിയിട്ടില്ല. എന്നാൽ മൊറോക്കോക്കെതിരായ വിവാദ മാച്ചിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയ അർജന്റീന ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാണ് മുന്നേറിയത്. മുൻ താരം ഹാവിയൽ മഷരാനോയാണ് പരിശീലിപ്പിക്കുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഫ്രാൻസ് ന്യൂസിലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തപ്പോൾ അർജൻറീന യുക്രൈനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി.

കോപ അമേരിക്ക കിരീടം നേടിയശേഷം അർജന്റീന താരങ്ങൾ ഫ്രാൻസ് താരങ്ങൾക്കെതിരെ വംശീയ പരാമർശങ്ങളുള്ള ഗാനംപാടിയത് വലിയ വിവാദമായിരുന്നു. ഒളിമ്പിക്‌സിൽ അർജന്റൈൻ താരങ്ങൾക്ക് ഗ്യാലറിയിൽ നിന്ന് വലിയ കൂവലാണ് ലഭിച്ചത്. വിവാദം കത്തിനിൽക്കെയാണ് ഇരുടീമുകളും വീണ്ടും നേർക്കുനേർ വരുന്നത്. 2022ലെ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് അർജൻറീന മൂന്നാം ലോകകപ്പ് നേടിയത്.

Similar Posts