< Back
Football
brazil
Football

കാനറികളെ പരിശീലിപ്പിക്കാൻ പെപ് ഗ്വാർഡിയോള വരുമോ?; ​പ്രതികരണവുമായി ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ

Sports Desk
|
9 Nov 2024 9:49 PM IST

റിയോ ഡി ജനീറോ: വർത്തമാന കാല ഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ പെപ് ഗ്വാർഡിയോള ബ്രസീൽ ദേശീയ ടീം കോച്ചാകുമെന്ന് അഭ്യൂഹം. ഒരു വർഷമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ പെപ്പുമായി ബന്ധപ്പെടുന്നുവെന്ന വാർത്ത ന്യൂയോർക്ക് ടൈംസ് അധീനതയിലുള്ള ‘അത്‍ലറ്റിക്’ റിപ്പോർട്ട് ചെയ്തു.

ഇതിന് പിന്നാലെ പ്രതികരണവുമായി ​ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗ്വസ് തന്നെ രംഗത്തെത്തി. ‘‘പെപ് ലോകത്തെ മികച്ച കോച്ചുമാരിൽ ഒരാളാണ്. അദ്ദേഹത്തെ ബഹുമാനിക്കുന്നു. പക്ഷേ അദ്ദേഹവുമായി ഞങ്ങൾ ബന്ധപ്പെടുന്നില്ല. ഞങ്ങൾ നിലവിലെ കോച്ചായ ഡോരിവൽ ജൂനിയറിൽ വിശ്വസിക്കുന്നു’’ -റോഡ്രിഗ്വസ് പ്രതികരിച്ചു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ്പിന്റെ ക്ലബുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കും. ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം പെപ് പലകുറി പങ്കുവെച്ചിരുന്നു. ഗാരെത് സൗത്ത്ഗേറ്റ് രാജിവെച്ച ഇംഗ്ലീഷ് പരിശീലകന്റെ റോളിലേക്ക് ഇംഗ്ലീഷ് ഫുട്ബോൾ അധികൃതർ പെപ്പിനെ പരിഗണിച്ചിരുന്നു. ഒടുവിൽ ജർമനിക്കാരനായ തോമസ് ടുഹേൽ ഇംഗ്ലീഷ് കോച്ചായി നിയമിക്കപ്പെട്ടിരുന്നു.

സ്​പോർട്ടിങ് ലിസ്ബണുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തോൽവി വഴങ്ങിയതിന് പിന്നാലെ പെപ്പിനോട് മാധ്യമപ്രവർത്തകർ ബ്രസീൽ കോച്ചാകുമോ എന്ന് ചോദിച്ചിരുന്നു. എന്നാൽ 4-1ന്റെ തോൽവി ഏറ്റുവാങ്ങിയതിനാൽ ഞാൻ ബ്രസീലിന് ഒരു ഓപ്ഷൻ ആകില്ല എന്ന തമാശ രൂപേണയുള്ള മറുപടിയാണ് പെപ് നൽകിയത്.

Similar Posts