< Back
Football
പി.എസ്.ജി ടീം ഇന്ന് ഖത്തറില്‍; ആവേശത്തില്‍ ആരാധകര്‍
Football

പി.എസ്.ജി ടീം ഇന്ന് ഖത്തറില്‍; ആവേശത്തില്‍ ആരാധകര്‍

Web Desk
|
18 Jan 2023 7:22 AM IST

ടീമിന്റെ പരിശീലനം കാണുന്നതിനുള്ള ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കകം തന്നെ വിറ്റഴിഞ്ഞിരുന്നു

ദോഹ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പിഎസ്ജി ടീം ഇന്ന് ഖത്തറിലെത്തും. വൈകീട്ട് ആരാധകര്‍ക്ക് മുന്നില്‍ മെസിയും നെയ്മറും എംബാപ്പയും അടക്കമുള്ള താരങ്ങള്‍ പരിശീലനം നടത്തും. ടീമിന്റെ പരിശീലനം കാണുന്നതിനുള്ള ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കകം തന്നെ വിറ്റഴിഞ്ഞിരുന്നു

പതിവ് ശൈത്യകാല സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പി.എസ്.ജി ടീം ഖത്തറിലെത്തുന്നത്. തിരക്കേറിയ മത്സര ക്രമത്തിനിടയില്‍ ഹ്രസ്വ സന്ദര്‍ശനമാണ് ടീം നടത്തുന്നത്. നാളെ രാവിലെ ടീം സ്പോണ്‍സര്‍മാരുടെ പരിപാടിയില്‍ താരങ്ങള്‍ പങ്കെടുക്കും. വൈകിട്ട് സൂപ്പര്‍ താരങ്ങളെ കാണാന്‍ ആരാധകര്‍ക്ക് അവസരമുണ്ട്. ഖലീഫ സ്റ്റേഡിയത്തില്‍ ആരാധകര്‍ക്ക് മുന്നിലാണ് ടീം പരിശീലനം നടത്തുക.

മെസി, നെയ്മര്‍,എംബാപ്പെ തുടങ്ങിയ ലോകകപ്പിലെ സൂപ്പര്‍ താരങ്ങളെ ഒരിക്കല്‍ കൂടി നേരില്‍കാണാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. വൈകിട്ട് നാല് മുതല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കും. വ്യാഴാഴ്ച ടീം സൌദിയിലേക്ക് തിരിക്കും. റിയാദില്‍ അല്‍നാസര്‍-അല്‍ഹിലാല്‍ ഓള്‍സ്റ്റാര്‍ ഇലവനുമായി പിഎസ്ജി സൌഹൃദ മത്സരം കളിക്കും.

Similar Posts