< Back
Football
റയലിനെ തരിപ്പണമാക്കി പിഎസ്ജി
Football

റയലിനെ തരിപ്പണമാക്കി പിഎസ്ജി

Sports Desk
|
10 July 2025 9:53 AM IST

എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പിഎസ്ജിയുടെ ജയം

ന്യൂയോർക്ക് : ക്ലബ് ലോകകപ്പ് സെമിയിൽ റയൽ മാഡ്രിഡിനെ തരിപ്പണമാക്കി പിഎസ്ജി ഫൈനലിൽ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് യൂറോപ്യൻ ചാമ്പ്യന്മാരുടെ ജയം. സ്പാനിഷ് താരം ഫാബിയാണ് റൂയിസ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ ഗോൺസാലോ റാമോസ്, ഡെമ്പലേ എന്നിവർ ഓരോ ഗോളും കണ്ടെത്തി.

മത്സരത്തിന്റെ കിക്കോഫ് മുതൽക്കേ പിഎസ്ജി നിരന്തരം റയൽ ഗോൾമുഖത്തേക്ക് ആക്രമണങ്ങൾ അഴിച്ചു വിട്ടു. ആറാം മിനുട്ടിൽ ആദ്യ ഗോളെത്തി. പന്ത് ക്ലിയർ ചെയ്യുന്നതിൽ റയൽ പ്രതിരോധ താരം റൗൾ അസെൻസിയോക്ക് പിഴച്ചപ്പോൾ ഡെമ്പലേ പന്തുമായി മുന്നേറി, ഗോൾകീപ്പർ കൊർട്ടോയിസ് മുന്നേറ്റം തടുത്തിട്ടെങ്കിലും റീബൗണ്ടിൽ റൂയിസ് വലകുലുക്കി. മൂന്ന് മിനുറ്റുകൾക്കകം പിഎസ്ജി ലീഡ് രണ്ടാക്കി. റുഡിഗറിൽ നിന്നും പന്ത് പിടിച്ചെടുത്ത് മുന്നേറിയ ഡെമ്പലേ ഗോൾക്കീപ്പറെ കാഴ്ചക്കാരാനാക്കി നിറയൊഴിച്ചു.

രണ്ട് ഗോൾ വഴങ്ങിയതോടെ റയൽ കൂടുതൽ പ്രതിരോധത്തിലായി. മറുപുറത്ത് പിഎസ്ജി മുന്നേറ്റങ്ങൾ ഇടതടവില്ലാതെ റയൽ പ്രതിരോധ നിരയെ പരീക്ഷിച്ചു കൊണ്ടിരുന്നു. 23 ആം മിനുട്ടിൽ സ്വന്തം ബോക്സിൽ നിന്നും തുടങ്ങിയ മുന്നേറ്റത്തിനൊടുവിൽ പിഎസ്ജി മൂന്നാം ഗോൾ കണ്ടെത്തി. ഹകീമി ഒരുക്കി നൽകിയ പാസിനെ വലയിലേക്ക് തിരിച്ച് വിടേണ്ട ഉത്തരവാദിത്തമേ റൂയിസിനുണ്ടായിരുന്നുള്ളൂ.

രണ്ടാം പകുതിയിൽ ബ്രഹീം ഡിയാസിനെ കളത്തിലിറക്കിയെങ്കിലും കാര്യങ്ങൾക്ക് മാറ്റങ്ങളൊന്നുമുണ്ടായില്ല. 87 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസ് കൂടി ലക്ഷ്യം കണ്ടതോടെ പിഎസ്ജിയുടെ ജയം ആധികാരികമായി. ഏറെ നാൾ പരിക്കിന്റെ പിടിയിലായിരുന്ന ഡാനി കാർവഹാലും എഡർ മിലിറ്റാവോയും രണ്ടാം പകുതിയിൽ പകരക്കാരായി കളത്തിലിറങ്ങി. റയൽ കുപ്പായത്തിലെ അവസാനം മത്സരം കളിച്ച മോഡ്രിച്ചും വാസ്‌കസും തോൽവിയോടെ പടിയിറങ്ങി.

ജൂലൈ 14 ന് നടക്കുന്ന ഫൈനലിൽ ചെൽസിയാണ് പിഎസ്ജിയുടെ എതിരാളികൾ. സെമി ഫൈനൽ മത്സരങ്ങൾ നടന്ന മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം നടക്കുക.

Similar Posts