< Back
Football
ഗ്യൂലർ രക്ഷകനായി; ബാഴ്‌സയെ വിടാതെ റയൽ
Football

ഗ്യൂലർ രക്ഷകനായി; ബാഴ്‌സയെ വിടാതെ റയൽ

Sports Desk
|
24 April 2025 6:43 PM IST

മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ കിരീടപ്പോരാട്ടം കനക്കുന്നു. ഗെറ്റാഫെക്കെതിരെ റയൽ മാഡ്രിഡ് എതിരില്ലാത്ത ഒരുഗോളിന് കീഴടക്കി. കളിയുടെ 21ാം മിനുറ്റിൽ തുർക്കിഷ് യുവതാരം ആർദ ഗ്യൂലറാണ് ലോസ് ബ്ലാങ്കോസിന് വിജയം നേടിക്കൊടുത്തത്. വിജയത്തോടെ റയലിന് 33 കളിയിൽ നിന്ന് 72 പോയിന്റായി. ഒന്നാമതുള്ള ബാഴ്സലോണയുമായുള്ള അകലം നാല് പോയിന്റാക്കി കുറക്കാനും നിലവിലെ ചാമ്പ്യൻമാർക്കായി. ഇരു ടീമുകൾക്കും ഇനി അഞ്ച് മത്സരം മാത്രമാണ് ശേഷിക്കുന്നത്.

മധ്യനിരയിൽ വാൽവെർദെ, ചുവമേനി, ഗ്യൂലർ, റൗൾ അസെൻസിയോ എന്നിവരെ അണിനിരത്തിയാണ് ആഞ്ചെലോട്ടി കളി തുടങ്ങിയത്. ബാഴ്സയുമായി കോപ്പ ഡെൽ റേ ഫൈനൽ നടക്കുന്നതിനാൽ ജൂഡ് ബെല്ലിങ്ങാമിനെ കളത്തിലിറക്കിയില്ല. പരിക്കേറ്റ എംബാപ്പേയുടെ അഭാവത്തിൽ വിനിഷ്യസിനും എൻഡ്രിക്കിനുമായിരുന്നു ആക്രമണ ചുമതല. ഗെറ്റാഫെ പഴുതടച്ച പ്രതിരോധം ഒരുക്കിയെങ്കിലും ബോക്സിന് പുറത്തുനിന്നുള്ള ആർദ ഗ്യൂലറിന്റെ വലംകാൽ ഷോട്ട് ഇടത് പോസ്റ്റിലേക്ക് തുളച്ചുകയറകയായിരുന്നു.

ഈ സീസണിൽ ആദ്യമായി ആദ്യ ഇലവനിലിറങ്ങിയ എൻഡ്രിക്കിന് ഗോൾ നേടാൻ വിനീഷ്യസ് അവസരം ഒരുക്കിയെങ്കിലും ഗെറ്റാഫെ പ്രതിരോധ താരം പന്ത് വലയിലേക്ക് കയറുന്നതിന് മുൻപ് തട്ടിയകറ്റി. സമീപകാലത്തായുള്ള റയലിന്റെ മോശം പ്രകടനം ഗെറ്റാഫെക്കെതിരെയും തെളിഞ്ഞുകാണാമായിരുന്നു. രണ്ടാം പകുതിയിൽ ഗെറ്റാഫെ നിരവധി തവണ ഗോൾ മടക്കുന്നതിന്റെ വക്കിലെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. ഇഞ്ച്വറി ടൈമിൽ കളി തീരാൻ നിമിഷങ്ങൾ ശേഷിക്കെ സമനിലഗോൾ നേടാൻ ഗെറ്റാഫെക്ക് സുവർണ്ണാവസരം ലഭിച്ചെങ്കിലും കീപ്പർ തിബോ കോർട്ടുവ റയലിന്റെ രക്ഷകനായി.

33 മത്സരങ്ങളിൽ നിന്നും 39 പോയന്റുള്ള ഗെറ്റാഫെ 12ാം സ്ഥാനത്താണ്.

Related Tags :
Similar Posts