< Back
Football
real madrid
Football

സമനില: നനഞ്ഞ തുടക്കവുമായി റയൽ മാഡ്രിഡ്

Sports Desk
|
19 Aug 2024 8:29 AM IST

മാഡ്രിഡ്: വമ്പൻ സംഘവുമായി ലാലിഗ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ റയൽ മാഡ്രിഡിന് നനഞ്ഞ തുടക്കം. കരുത്തരായ റയലിനെ റയൽ മല്ലോർക്ക 1-1ന് സമനിലയിൽ പിടിച്ചുകെട്ടുകയായിരുന്നു.

അറ്റ്ലാന്റക്കെതിരെ യുവേഫ സൂപ്പർ കപ്പ് നേടിയ അതേ സംഘത്തെയാണ് റയൽ കോച്ച് കാർലോ ആഞ്ചലോട്ടി അണിനിരത്തിയത്. എംബാപ്പെ, വീനീഷ്യസ് ജൂനിയർ, റോഡ്രി​ഗോ അറ്റാക്കിങ് സഖ്യ​ത്തെ മല്ലോർക്ക പിടിച്ചുകെട്ടുകയായിരുന്നു.

മത്സരത്തിന്റെ 13ാം മിനുറ്റിൽ റോഡ്രിഗോയുടെ ഗോളിൽ റയൽ മുന്നിലെത്തി. എന്നാൽ 53ാം മിനുറ്റിൽ വെദത് മുരീഖി മല്ലോർക്കക്കായി സമനില ഗോൾ നൽകി. പന്തടക്കത്തിലും പാസിങ്ങിലും റയൽ മുന്നിൽ നിന്നെങ്കിലും അവസരങ്ങൾ തുറക്കുന്നതിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. ഇരുടീമുകളും ഗോൾമുഖത്തേക്ക് അഞ്ച് ഷോട്ടുകൾ വീതമാണ് ഉതിർത്തത്.

മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ മുരീഖിയെ ഫൗൾ ചെയ്തതിന് റയൽ താരം ഫെർലാൻഡ് മെൻഡിക്ക് ചുവപ്പുകാർഡും കിട്ടി. ‘‘ഞങ്ങൾ നന്നായാണ് മത്സരം തുടങ്ങിയത്. പക്ഷേ ഇതൊരു നല്ല മത്സരമായിരുന്നില്ല. കുറച്ചുകൂടി നന്നായി ഡിഫൻഡ് ചെയ്യേണ്ടതായിരുന്നു. ഞങ്ങളിപ്പോൾ ഒരു അറ്റാക്കിങ് സംഘമായിരിക്കുന്നു. മുമ്പ് പറഞ്ഞതുപോലെ കുറച്ചുകൂടി ടീം ബാലൻസ് വേണം’’ -മത്സരശേഷം കാർലോ ആഞ്ചലോട്ടി പ്രതികരിച്ചു.

Related Tags :
Similar Posts