
അമോറിമിനെ പുറത്താക്കി യുനൈറ്റഡ് ; ക്ലബ് ഉടമകളുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് തീരുമാനം
|മാഞ്ചസ്റ്റർ : മുഖ്യ പരിശീലകൻ റൂബൻ അമോറിമിനെ പുറത്താക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്. ക്ലബ് ഉടമകളുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് തീരുമാനം. ഇന്ററിം പരിശീലകനായി ഡാരൻ ഫ്ലെച്ചർ ചുമതലയേൽക്കും.
സ്പോർട്ടിങ് ലിസ്ബൺ പരിശീലകനായിരുന്ന അമോറിം 2024 നവംബറിലാണ് യുനൈറ്റഡ് പരിശീലകനായി ചുമതലയേൽക്കുന്നത്. തന്റെ ആദ്യ സീസണിൽ ടീമിനെ യൂറോപ്പ ലീഗിന്റെ ഫൈനൽ വരെയെത്തിക്കാൻ അമോറിമിന് സാധിച്ചെങ്കിലും ലീഗിൽ സർവകാല മോശം പൊസിഷനിലാണ് ടീം ഫിനിഷ് ചെയ്തത്. 38 മത്സരങ്ങളിൽ 11 എണ്ണത്തിൽ മാത്രം ജയിച്ച യുനൈറ്റഡ് 42 പോയിന്റോടെ പതിനഞ്ചാം സ്ഥാനത്തായിരുന്നു.
ലീഡ്‌സിനെതിരായ മത്സരത്തിന് പിന്നാലെ അമോറിം നടത്തിയ പരാമർശങ്ങളാണ് അമോറിമിന്റെ പുറത്താക്കലിലേക്ക് വഴിവെച്ചത്. ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 'മാനേജരാണ്' 'കോച്ചല്ല' എന്ന പരാമർശമാണ് ശ്രദ്ധേയമായത്. പതിനെട്ട് മാസം വരെ നീണ്ട് നിൽക്കുന്ന കാലാവധി കരാറിലുണ്ട് അതുവരെ ഞാൻ തുടരും എന്നും അമോറിം കൂട്ടിച്ചേർത്തു. അതിന് പിന്നാലെയാണ് പുറത്താക്കൽ പ്രഖ്യാപനം വന്നത്.
ബോർഡിന് നേരെയുള്ള വെല്ലുവിളിയായാണ് ഈ പരാമർശങ്ങളെ പ്രമുഖ മാധ്യമങ്ങളും പണ്ടിറ്റുകളും വിലയിരുത്തിയത്. പോർച്ചുഗീസ് പരിശീലകന്റെ കീഴിൽ 38 മത്സരങ്ങളിൽ കളത്തിലിറങ്ങിയ യുനൈറ്റഡ് 13 ജയങ്ങളും 14 തോൽവികളുമാണ് നേരിട്ടത്. ജയത്തിനേക്കാൾ കൂടുതൽ തോൽവിയെന്ന നാണംകെട്ട റെക്കോർഡും അമോറിമിന് സ്വന്തമായി. നിലവിലെ സീസണിൽ 20 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും ഏഴ് സമനിലയും അഞ്ചു തോൽവികളുമായി 31 പോയിന്റോടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്.