< Back
Football
സാക ഗോളടിച്ചു കൊണ്ടേയിരിക്കുന്നു..
Football

സാക ഗോളടിച്ചു കൊണ്ടേയിരിക്കുന്നു..

Web Desk
|
5 Dec 2022 2:29 AM IST

തന്‍റെ പ്രഥമലോകപ്പില്‍ ഇതിനോടകം മൂന്ന് തവണ എതിരാളികളുടെ വലതുളച്ചു കഴിഞ്ഞു ഈ 21 കാരന്‍

ദോഹ: ബുകായോ സാക. പ്രായം വെറും 21 വയസ്സ്. എന്നാല്‍ പ്രായമൊക്കെ ഈ കൌമാരക്കാന് വെറും അക്കം മാത്രമാണ്. തന്‍റെ പ്രഥമലോകപ്പില്‍ ഇതിനോടകം മൂന്ന് തവണ എതിരാളികളുടെ വലതുളച്ചു കഴിഞ്ഞു ഈ 21 കാരന്‍. ക്വാര്‍ട്ടറിലേക്കുള്ള ഇംഗ്ലണ്ടിന്‍റെ പടയോട്ടങ്ങളെ മുഴുവന്‍ മുന്നില്‍ നിന്ന് നയിച്ചത് സാകയടക്കമുള്ളവര്‍ അണിനിരക്കുന്ന മുന്നേറ്റ നിരയാണ്. പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് ആഫ്രിക്കന്‍ കരുത്തരായ സെനഗലിനെ തകര്‍ത്തെറിയുമ്പോള്‍ മുന്നേറ്റ നിരയില്‍ സാക നടത്തിയ മുന്നേറ്റങ്ങള്‍ ഇംഗ്ലീഷ് പടയോട്ടത്തില്‍ നിര്‍ണായകമായി.

മത്സരത്തിന്‍റെ 57 ാം മിനിറ്റിലാണ് സാകയുടെ മനോഹര ഗോള്‍ പിറന്നത്. സെനഗല്‍ താരങ്ങളുടെ കയ്യില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് ഇടതുവിങ്ങിലൂടെ കുതിച്ചു പാഞ്ഞ ഫോഡന്‍ ഗോള്‍മുഖത്തേക്ക് നീട്ടിനല്‍കിയ പന്തിനെ സാക സുന്ദരമായി വലയിലെത്തിച്ചു. ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരത്തില്‍ തന്നെ ഇരട്ടഗോളടിച്ചാണ് സാക തന്‍റെ വരവറിയിച്ചത്. ഇറാനെ ഇംഗ്ലണ്ട് ആറ് ഗോളുകള്‍ക്ക് കശക്കിയെറിയുമ്പോള്‍ ഇംഗ്ലീഷ് പടയോട്ടങ്ങളെ മുന്നില്‍ നിന്ന് നയിച്ചത് സാകയായിരുന്നു.

കഴിഞ്ഞ യൂറോ കപ്പ് ഫൈനലില്‍ പെനാല്‍ട്ടി പാഴാക്കിയതിന്‍റെ പേരില്‍ ഇംഗ്ലീഷ് ആരാധകരുടെ വംശീയാധിക്ഷേപങ്ങള്‍ക്ക് ഇരയായ സാകയുടെ മധുര പ്രതികാരം കൂടിയാണ് ലോകകപ്പിലെ പ്രകടനങ്ങള്‍. ഈ 21 കാരന്‍ തന്‍റെ അവിശ്വസനീയ കുതിപ്പ് തുടര്‍ന്നാല്‍ ഇംഗ്ലണ്ടിന്‍റെ മുന്നേറ്റങ്ങള്‍ക്ക് അത് വലിയ കരുത്താവുമെന്നതില്‍ തര്‍ക്കമില്ല.

അല്‍ബെയ്ത് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിന്‍റെ സമ്പൂര്‍ണാധിപത്യമാണ് ആരാധകര്‍ കണ്ടത്. തുടക്കത്തില്‍ സെനഗലിന്‍റെ ചില മിന്നലാട്ടങ്ങള്‍ കണ്ടതൊഴിച്ചാല്‍ പിന്നീട് ഇംഗ്ലണ്ട് കളമടക്കി വാണു. ഇംഗ്ലണ്ടിനായി ഹെന്‍ഡേഴ്സണാണ് ഗോള്‍വേട്ടക്ക് തുടക്കം കുറിച്ചത്. രണ്ടാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ ഹരികെയ്ന്‍ ഇംഗ്ലണ്ടിനായി ഒരിക്കല്‍ കൂടി വലകുലുക്കി. രണ്ടാം പകുതി ആരംഭിച്ച് 12 മിനിറ്റ് പിന്നിട്ടപ്പോള്‍ ഒരു ഗോള്‍ കൂടെ ചേര്‍ത്ത് സാക പട്ടിക പൂര്‍ത്തിയാക്കി.

Similar Posts