< Back
Football
Portugal wins UEFA Nations League title; defeats Spain in shootout
Football

യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്; സ്പാനിഷ് നിരയെ ഷൂട്ടൗട്ടിൽ കീഴടക്കി

Sports Desk
|
9 Jun 2025 9:53 AM IST

പോർച്ചുഗലിനൊപ്പം റൊണാൾഡോയുടെ മൂന്നാം കിരീടമാണിത്.

മ്യൂണിക്: നിലവിലെ ചാമ്പ്യൻമാരായ സ്‌പെയിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ(5-3) മറികടന്ന് പോർച്ചുഗലിന് യുവേഫ നേഷൻസ് ലീഗ് കിരീടം. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 2-2 സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ പറങ്കിപ്പടക്കായി കിക്കെടുത്തവരെല്ലാം വല കുലുക്കി. എന്നാൽ സ്പാനിഷ് ക്യാപ്റ്റൻ അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ ഡിയോഗ കോസ്റ്റ തടഞ്ഞത് നിർണായകമായി.

21ാം മിനിട്ടിൽ മാർട്ടിൻ സുബിമെൻഡിയിലൂടെ സ്‌പെയിനാണ് ലീഡെടുത്തത്. പിന്നാലെ 25ാം മിനിട്ടിൽ ന്യൂനോ മെൻഡസ് പോർച്ചുഗലിനായി സമനിലപിടിച്ചു. ആദ്യപകുതിക്ക് തൊട്ടുമുൻപായി മൈക്കൽ ഒയാർ സബാൽ(45) ചെമ്പടയെ വീണ്ടും മുന്നിലെത്തിച്ചു(2-1) . എന്നാൽ 61ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡയിലൂടെ പറങ്കിപ്പട രണ്ടാം ഗോൾ നേടി വീണ്ടും ഒപ്പമെത്തി(2-2). നിശ്ചിത സമയത്തും അധികസമയത്തും സമനില പൊട്ടിക്കാൻ ഇരുടീമുകൾക്കുമായില്ല. ഇതിനിടെ റൊണാൾഡോയേയും ലമീൻ യമാലിനേയും പരിശീലകർ പിൻവലിച്ചു.

പോർച്ചുഗലിനായി കിക്കെടുത്ത ഗോൺസാലോ റാമോസ്, വിട്ടീഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, ന്യൂനോ മെൻഡസ്, റൂബൻ ഡയസ് എന്നിവർ ലക്ഷ്യംകണ്ടു. സ്പാനിഷ് നിരയിൽ മൈക്കൽ മെറീനോ, അലക്‌സ് ബയേന, ഇസ്‌കോ എന്നിവരും വല കുലുക്കിയെങ്കിലും പകരക്കാരനായി കളത്തിലിറങ്ങിയ അൽവാരോ മൊറാട്ടക്ക് ലക്ഷ്യംതെറ്റി. പോർച്ചുഗലിനായി റൊണാൾഡോയുടെ മൂന്നാം കിരീടമാണിത്. 2016ലെ യൂറോ കപ്പും 2019ലെ നേഷൻസ് ലീഗും പോർച്ചുഗൽ ജയിച്ചിരുന്നു. ലമീൻ യമാലിനെ കൃത്യമായി പൂട്ടിയ ന്യൂനോ മെൻഡിസിന്റെ പ്രകടനം മത്സരത്തിൽ നിർണായകമായി. മെൻഡസാണ് ഫൈനലിലെ താരം.

Similar Posts