< Back
Football
ചെൽസിയെ വെട്ടി സണ്ടർലൻഡ് ; പോയിന്റ് പട്ടികയിൽ രണ്ടാമത്
Football

ചെൽസിയെ വെട്ടി സണ്ടർലൻഡ് ; പോയിന്റ് പട്ടികയിൽ രണ്ടാമത്

Sports Desk
|
25 Oct 2025 10:08 PM IST

ലണ്ടൻ : ലോക ചാമ്പ്യന്മാരായ ചെൽസിയെ ഇഞ്ചുറി ടൈം ഗോളിൽ വീഴ്ത്തി സണ്ടർലൻഡ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സണ്ടർലാൻഡിന്റെ ജയം. പകരക്കാരനായി ഇറങ്ങിയ ചെംസ്ഡൈൻ താൽബിയാണ് സണ്ടർലാൻഡിന്റെ വിജയഗോൾ നേടിയത്.

നാലാം മിനുട്ടിൽ ഗർനാച്ചോയുടെ ഗോളിൽ ചെൽസിയാണ് ആദ്യം ലീഡ് നേടുന്നത്. 22-ാം മിനുട്ടിൽ വിൽസൺ ഇസിഡോറിലൂടെ സണ്ടർലാൻഡ് ഗോൾ മടക്കി. ലീഡ് നേടാൻ ഇരുടീമിനും വീണ്ടും അവസരങ്ങൾ ലഭിച്ചെങ്കിലും മുന്നേറ്റ നിരക്ക് ഉന്നം പിഴച്ചതോടെ ആദ്യ പകുതിയിൽ ഗോളകന്നു. രണ്ടാം പകുതിയിൽ ചെൽസി നിരയിൽ പകരക്കാരായി എസ്താവോ വില്യനും ഗിറ്റെൻസും കളത്തിലിറങ്ങി. 65-ാം മിനുട്ടിൽ ബെർട്രാൻഡ് ട്രവോറേക്ക് പകരക്കാരനായാണ് ചെംസ്ഡൈൻ താൽബി കളത്തിലിറങ്ങുന്നത്. ഇഞ്ചുറി സമയത്തിന്റെ മൂന്നാം മിനുട്ടിൽ കൗണ്ടർ അറ്റാക്കിനൊടുവിൽ ബ്രയാൻ ബ്രോബിയാണ് താൽബിയുടെ ഗോളിന് വഴിയൊരുക്കിയത്.

മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫുൾഹാമിനെ വീഴ്ത്തി. ബ്രൂണോ ഗുമെയ്റസാണ് ന്യൂകാസിലിന്റെ വിജയഗോൾ നേടിയത്.

Similar Posts