< Back
Football
Last minute thriller in Super League Kerala; Thrissur draws with Kannur on injury time goal
Football

സൂപ്പർ ലീഗ് കേരളയിൽ ലാസ്റ്റ് മിനിറ്റ് ത്രില്ലർ; ഇഞ്ചുറി ടൈം ഗോളിൽ കണ്ണൂരിനെതിരെ സമനിലപിടിച്ച് തൃശൂർ

Sports Desk
|
7 Nov 2025 10:24 PM IST

90+7ാം മിനിറ്റിൽ ബിബിൻ അജയനാണ് തൃശൂരിനായി സമനില ഗോൾ കണ്ടെത്തിയത്.

കണ്ണൂർ: സൂപ്പർ ലീഗ് കേരളയിലെ ആദ്യ രണ്ട് സ്ഥാനക്കാരുടെ പോരാട്ടം സമനിലയിൽ(1-1). ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ(90+7) ബിബിൻ അജയനനാണ് കണ്ണൂർ വാരിയേഴ്‌സിനെതിരെ തൃശൂർ മാജിക് എഫ്‌സിക്കായി നിർണായക ഗോൾ നേടിയത്. കണ്ണൂരിനായി യുവതാരം മുഹമ്മദ് സിനാനാണ്(58)ലക്ഷ്യംകണ്ടത്. കണ്ണൂർ തട്ടകമായ ജവഹർ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ കണ്ണൂരിന്റെ ആദ്യ മത്സരമായിരുന്നു ഇത്. അഞ്ച് റൗണ്ട് മത്സരങ്ങൾ പൂർത്തിയാവുമ്പോൾ 10 പോയന്റുമായി തൃശൂർ ഒന്നാമത് തുടരുന്നു. ഒൻപത് പോയന്റുള്ള കണ്ണൂർ മൂന്നാം സ്ഥാനത്താണ്.

മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ തൃശൂരിന്റെ സെർബിയൻ താരം ഡേജൻ ഉസലാക് പരിക്കേറ്റ് മടങ്ങിയത് തിരിച്ചടിയായി. അണ്ടർ 23 താരം അലൻ ജോണാണ് പകരമെത്തിയത്. മുപ്പത്തിയൊന്നാം മിനിറ്റിൽ കണ്ണൂരിന് മികച്ച അവസരം ലഭിച്ചു. എസിയർ ഗോമസ് എടുത്ത കോർണർ നേരിട്ട് സ്വീകരിച്ച അഡ്രിയാൻ സെർഡിനേരോ പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. ഗോൾ പോസ്റ്റിന് മുന്നിൽ എസ് കെ ഫയാസ് കാണിച്ച ജാഗ്രത തൃശൂരിനെ ഗോൾ വഴങ്ങുന്നതിൽ നിന്ന് രക്ഷിച്ചു. കണ്ണൂരിന്റെ ആക്രമണനിരയും തൃശൂരിന്റെ പ്രതിരോധവും ഏറ്റുമുട്ടിയ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു. രണ്ടാംപകുതി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ തൃശൂർ ഗോളിനടുത്തെത്തി. കെവിൻ ജാവിയർ എടുത്ത കോർണർ ഉമാശങ്കർ ഗോളിലേക്ക് തിരിച്ചുവിട്ടെങ്കിലും കണ്ണൂർ ഗോൾ കീപ്പർ സി.കെ ഉബൈദ് രക്ഷകനായി. 57ാം മിനിറ്റിൽ കണ്ണൂർ സ്വന്തം കാണികൾക്ക് മുന്നിൽ ലീഡെടുത്തു. തൃശൂരിന്റെ മിസ്പാസ് പിടിച്ചെടുത്ത

അഡ്രിയാൻ സെർഡിനേരോ പന്ത് മുഹമ്മദ് സിനാന് നീട്ടി നൽകി. അണ്ടർ 23 താരം മികച്ചൊരു ക്ലിനിക്കൽ ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു( 1-0). തൊട്ടു പിന്നാലെ ലവ്‌സാംബയുടെ കാർപ്പാറ്റ് ഷോട്ട് തൃശൂർ ഗോൾ കീപ്പർ കമാലുദ്ധീൻ ഡൈവ് ചെയ്ത് രക്ഷിച്ചു. നായകൻ ഇന്ത്യൻ ഇന്റർനാഷണൽ ലെനി റോഡ്രിഗസ് ഡിഫൻസീവ് മിഡ്ഫീൽഡറുടെ റോളിൽ തിളങ്ങിയതാണ് തൃശൂരിനെ പലപ്പോഴും ഗോളുകൾ വഴങ്ങുന്നതിൽ നിന്ന് രക്ഷിച്ചത്. കളിയുടെ അവസാന മിനിറ്റുകളിൽ ഇവാൻ മാർക്കോവിച്ച്, ഫൈസൽ അലി, ഫ്രാൻസിസ് അഡോ എന്നിവരെ പകരക്കാരായി എത്തിച്ച് തൃശൂർ ഗോൾ തിരിച്ചടിക്കാനിറങ്ങി. ഇഞ്ചുറി സമയത്ത് മാർക്കോവിച്ച് സ്‌കോർ ചെയ്‌തെങ്കിലും ഓഫ്സൈഡ് കൊടിയുയർന്നു. കളി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിയിരിക്കെ ബിബിൻ അജയന്റെ ഹെഡ്ഡർ ഗോൾ തൃശൂരിന് വിജയതുല്യമായ സമനില നൽകി. ഞായറാഴ്ച ആറാം റൗണ്ടിലെ ആദ്യമത്സരത്തിൽ ഫോഴ്സ കൊച്ചി എഫ്‌സി, കാലിക്കറ്റ് എഫ്‌സിയെ നേരിടും. എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.

Similar Posts