< Back
Football
Kannur semis after winning thriller; They beat Malappuram 4-3
Football

ത്രില്ലർ ജയിച്ച് കണ്ണൂർ സെമിയിൽ; മലപ്പുറത്തെ വീഴ്ത്തിയത് 4-3ന്

Sports Desk
|
27 Oct 2024 11:07 PM IST

81ാം മിനിറ്റിൽ അലിസ്റ്റർ ആന്റണിയാണ് കണ്ണൂരിനായി വിജയഗോൾനേടിയത്.

കോഴിക്കോട്: ഏഴ് ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ മലപ്പുറം എഫ്‌സിയെ തോൽപ്പിച്ച് (4-3) കണ്ണൂർ വാരിയേഴ്സ് എഫ്‌സി സൂപ്പർ ലീഗ് കേരള സെമിയിൽ. കണ്ണൂരിനായി ഏസിയർ ഗോമസ്, പ്രഗ്യാൻ ഗോഗോയ്, അഡ്രിയാൻ സെർഡിനേറോ, അലിസ്റ്റർ ആന്റണി എന്നിവർ ഗോൾ നേടി. മലപ്പുറത്തിന്റെ ഗോളുകൾ ഫസലുറഹ്‌മാൻ, എയ്റ്റർ ആൽഡലിർ, സെർജിയോ ബാർബോസ എന്നിവരുടെ ബൂട്ടിൽ നിന്നായിരുന്നു. രണ്ടാം പകുതിയിൽ പത്തു പേരായി ചുരുങ്ങിയിട്ടും കണ്ണൂർ വിജയിച്ചുകയറുകയായിരുന്നു. ഒൻപത് കളികളിൽ 16 പോയന്റ് നേടിയാണ് കാലിക്കറ്റ് എഫ്‌സിക്ക് പിന്നാലെ കണ്ണൂരും സെമിയുറപ്പിച്ചത്. ഒൻപത് കളികളിൽ ഒൻപത് പോയന്റുള്ള മലപ്പുറത്തിന് അവസാന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ തോൽപ്പിച്ചാൽ സെമി സാധ്യത നിലനിർത്താം.

മൂന്നാം മിനിറ്റിൽ തന്നെ കണ്ണൂർ ലീഡ് നേടി. വലത് ടച്ച് ലൈനിന് സമാന്തരമായി മുന്നേറി റിഷാദ് ഗഫൂർ നൽകിയ പാസ് ഏസിയർ ഗോമസ് ഫസ്റ്റ് ടൈം ടച്ചിൽ തന്നെ പോസ്റ്റിലെത്തിച്ചു (1-0).എട്ടാം മിനിറ്റിൽ വീണ്ടും കണ്ണൂരിന്റെ ഗോൾ. മധ്യനിരയിൽ നിന്ന് ഒറ്റയ്ക്ക് മുന്നേറി നാല് പ്രതിരോധക്കാരെ മറികടന്ന പ്രഗ്യാൻ ഗോഗോയ് അനായാസം സ്‌കോർ ചെയ്തു (2-0). രണ്ട് ഗോളുകൾ വഴങ്ങിയ ശേഷം മലപ്പുറം നിരന്തരം എതിർ പോസ്റ്റിലേക്ക് ആക്രമണം നയിച്ചു. ഫസലുറഹ്‌മാൻ - മാൻസി - ബാർബോസ ത്രയം നടത്തിയ ശ്രമങ്ങൾക്ക് ഇരുപത്തിയൊൻപതാം മിനിറ്റിൽ ഫലമുണ്ടായി. വലതു വിങിലൂടെ മുന്നേറി കട്ട് ചെയ്തു കയറിയ ഫസലുറഹ്‌മാന്റെ ഗ്രൗണ്ട്‌ഷോട്ട് കണ്ണൂരിന്റെ വലയിലെത്തി (2-1). ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് മലപ്പുറം സമനില പിടിച്ചു. ബോക്‌സിന് തൊട്ട് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്കിൽ നിന്ന് ക്യാപ്റ്റൻ എയ്റ്റർ ആൽഡലിറിന്റെ ഗോൾ (2-2).

രണ്ടാം പകുതി തുടങ്ങി നാലാം മിനിറ്റിൽ തന്നെ കണ്ണൂർ ലീഡ് തിരിച്ചുപിടിച്ചു. കാമറൂൺ താരം ലവ്‌സാമ്പ നൽകിയ പാസിൽ അഡ്രിയാൻ സെർഡിനേറോയുടെ ഫിനിഷ് (3-2). അൻപത്തിനാലാം മിനിറ്റിൽ ഫസലു റഹ്‌മാന്റെ പാസിൽ ബാർബോസ മലപ്പുറത്തിന് വീണ്ടും ഒപ്പമെത്തിച്ച് മത്സരം വീണ്ടും ആവേശത്തിലാക്കി. അറുപത്തിയാറാം മിനിറ്റിൽ കണ്ണൂരിന്റെ മുൻ തിമോത്തി ചുവപ്പ് കാർഡ് വഴങ്ങി കളംവിട്ടു. എൺപത്തിയൊന്നാം മിനിറ്റിൽ അലിസ്റ്റർ ആന്റണി കണ്ണൂരിന്റെ വിജയഗോൾ കുറിച്ചു (4-3). മഞ്ചേരിയിൽ നടന്ന ആദ്യ ലെഗ്ഗിൽ കണ്ണൂർ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മലപ്പുറത്തെ തോൽപ്പിച്ചിരുന്നു. അവസാന റൗണ്ടിലെ ആദ്യ മത്സരത്തിൽ ചൊവ്വാഴ്ച ഫോഴ്സ കൊച്ചി, തൃശൂർ മാജിക് എഫ്‌സിയെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് കിക്കോഫ്

Similar Posts