
മാനവികതയുടെ സന്ദേശവുമായി കറ്റാലൻ ഫെഡറേഷൻ;ഫലസ്തീൻ ദേശീയ ടീം കാറ്റലോണ്യ എഫ്സിയുമായി പന്ത് തട്ടും
|ഈ മത്സരത്തിൽ നിന്നും കിട്ടുന്ന വരുമാനം ഗസ്സക്ക് നൽകും
ബാഴ്സലോണ: പറയാൻ പോകുന്നത് ഒരു മത്സരത്തെക്കുറിച്ചാണ്. മാനവികതയുടെ വലിയ സന്ദേശങ്ങൾ നൽകുന്ന ഒരു ഫുട്ബോൾ മത്സരത്തെക്കുറിച്ച്. യെസ്, ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായി ഉപയോഗിക്കുന്ന ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക് ഫലസ്തീൻ ടീം വരുന്നു. നവംബർ 18നാണ് മത്സരം. അപ്പോൾ എതിരാളി ആരാണെന്നല്ലേ.. കാറ്റലോണിയ എഫ്.സി.
നവംബർ പതിനെട്ടിനാണ് ഈ മത്സരം നടക്കുന്നത്. ആക്ട് എക്സ് പാലസ്തീൻ എന്ന സന്നദ്ധസംഘടനയും കറ്റാലൻ ഫുട്ബോൾ ഫെഡറേഷനും ചേർന്നാണ് ഈ മത്സരം ഒരുക്കുന്നത്. ഈ മത്സരത്തിൽ നിന്നും കിട്ടുന്ന വരുമാനം ഗസ്സക്ക് നൽകും. ടിക്കറ്റിനടക്കം ആവശ്യക്കാർ ഏറിയതോടെയാണ് വലിയ സ്റ്റേഡിയത്തിൽ തന്നെ മത്സരം നടത്താൻ തീരുമാനിച്ചത്. ഒളിമ്പിക്സ് സ്റ്റേഡിയത്തിനാണെങ്കിൽ ഒരു ആന്റി നാസി പാരമ്പര്യവുമുണ്ട്. ഹിറ്റ്ലർ 1936ൽ ഒളിമ്പിക്സ് ഒരുക്കുമ്പോൾ അതിന് ബദലായി പീപ്പിൾ ഒളിമ്പ്യാഡ് സംഘടിപ്പിച്ചത് ഈ സ്റ്റേഡിയത്തിലാണ്.
കാറ്റലോണിയ ടീമിൽ ചില വലിയ താരങ്ങളും കളത്തിലിറങ്ങുന്നുണ്ട്. ബാഴ്സലോണ മധ്യനിരതാരം മാർക് ബെർണാൽ കാറ്റലോണിയക്കായി പന്തുതട്ടും. പരിക്ക് കാരണം കളത്തിന് പുറത്തായിരുന്ന ബെർണാലിന് 45 മിനുറ്റ് കളത്തിലിറങ്ങാൻ ബാഴ്സ അനുമതി നൽകിയിട്ടുണ്ട്. ബാഴ്സയുടെയും വലൻസിയയുടെയും മുൻ താരമായ ജെറാർഡ് ലോപ്പസാണ് കാറ്റലോണിയയെ പരിശീലിപ്പിക്കുന്നത്.