< Back
Football
Champions League: Arsenal crush Real Madrid, Inter knock out Bayern
Football

ചാമ്പ്യൻസ് ലീഗ്: റയലിനെ തരിപ്പണമാക്കി ആർസനൽ, ബയേണിനെ വീഴ്ത്തി ഇന്റർ

Sports Desk
|
9 April 2025 9:48 AM IST

ഏപ്രിൽ 17ന് റയൽ തട്ടകമായ സാന്റിയാഗോ ബെർണബ്യുവിലാണ് രണ്ടാംപാദ ക്വാർട്ടർ

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ തോൽപിച്ച് ആർസനൽ. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയം. ഡെക്ലാൻ റൈസ് ഇരട്ട ഫ്രീകിക്ക് ഗോളുമായി(58,70) കളംനിറഞ്ഞപ്പോൾ മിക്കേൽ മെറീനോയാണ്(75) മറ്റൊരു ഗോൾ നേടിയത്. 90+4ാം മിനിറ്റിൽ റയൽ താരം എഡ്വാർഡോ കമവിംഗ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി.

ആക്രമണ-പ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞതോടെ ആദ്യ പകുതി ഗോൾരഹിതമായാണ് അവസാനിച്ചത്. എന്നാൽ രണ്ടാംപകുതിയിൽ ലഭിച്ച ഫ്രീകിക്കിലൂടെ ഗണ്ണേഴ്‌സ് മത്സരത്തിലേക്ക് തിരിച്ചുവന്നു. ഡെക്ലാൻ റൈസ് ഉതിർത്ത മനോഹരമായ ഫ്രീകിക്ക് വളഞ്ഞ് പോസ്റ്റിന്റെ ഇടതുമൂലയിൽ കയറുകയായിരുന്നു. ലീഡ് നേടിയതോടെ ആർസനൽ കൂടുതൽ ആക്രമിച്ച് കളിച്ചതോടെ റയൽ പലപ്പോഴും പ്രതിരോധത്തിലായി. 70ാം മിനിറ്റിൽ റയൽ വാളിലെ വിടവ് മുതലെടുത്ത് ഇംഗ്ലീഷ് താരം മറ്റൊരു മികച്ച ഫ്രീകിക്ക് ഗോളിൽ ആതിഥേയരുടെ ഗോൾ നേട്ടം രണ്ടാക്കി ഉയർത്തി. അഞ്ച് മിനിറ്റിനകം മികച്ച പാസിംഗ് ഗെയിമിലൂടെ മിക്കേൽ മെറീനയിലൂടെ ഗണ്ണേഴ്‌സ് മൂന്നാം ഗോളും നേടി. ഏപ്രിൽ 17ന് റയൽ തട്ടകമായ സാന്റിയാഗോ ബെർണബ്യുവിലാണ് രണ്ടാംപാദ ക്വാർട്ടർ

മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്റർ മിലാന്റെ ജയം. ബയേൺ മ്യൂണിക് തട്ടകമായ അലൈൻസ് അരീനയിൽ നടന്ന മത്സരത്തിൽ ലൗട്ടാരോ മാർട്ടിനസ്(38), ഡേവിഡ് ഫ്രെട്ടെസി(88) എന്നിവരാണ് ഇന്ററിനായി ഗോൾനേടിയത്. തോമസ് മുള്ളറിലൂടെ(85) ബയേൺ ഒരു ഗോൾ മടക്കി. മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച ഘട്ടത്തിലായിരുന്നു ഫ്രെട്ടെസിയിലൂടെ ഇറ്റാലിയൻ ക്ലബ് നിർണായക വിജയഗോൾനേടിയത്.

Similar Posts