< Back
Football
റയലിന് തുടർച്ചയായ മൂന്നാം ജയം; മയോർക്കയെ തോൽപ്പിച്ചത് പിന്നിട്ട് നിന്ന ശേഷം
Football

റയലിന് തുടർച്ചയായ മൂന്നാം ജയം; മയോർക്കയെ തോൽപ്പിച്ചത് പിന്നിട്ട് നിന്ന ശേഷം

Sports Desk
|
31 Aug 2025 9:33 AM IST

മാഡ്രിഡ്: ലാ ലിഗയിൽ റയൽ മാഡ്രിഡിന് തുടർച്ചയായ മൂന്നാം ജയം. മയോർക്കയെ 2-1 ന് പരാജയപ്പെടുത്തി ലോസ് ബ്ലാങ്കോസ് പോയിൻ്റ് പട്ടികയുടെ തലപ്പത്തെത്തി. വിനീഷ്യസ് ജൂനിയറും അർദ ഗുളറുമാണ് റയലിനായി ഗോൾ നേടിയത്. മയോർക്കക്കായി മുരീകി ഗോൾ നേടി.

സാൻ്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ മൂന്ന് മാറ്റങ്ങളോടെയാണ് റയൽ ഇറങ്ങിയത്. ഫുൾബാക്കായ ട്രെൻ്റ് അലക്സാസണ്ടർ അർനോൾഡ് ആദ്യ ഇലവനിൽ ഇടംപിടിച്ചു. പ്രതിരോധനിരയിലേക്ക് ഡീൻ ഹ്യുസനൊപ്പം എഡർ മിലിറ്റാവോ എത്തി. വലതുവിങ്ങിൽ കൗമാരതാരം ഫ്രാങ്കോ മസ്തൻ്റുവാനോയും ഇടതുവിങ്ങിൽ വിനീഷ്യസ് ജൂനിയറുമാണ് എംബാപ്പെക്കൊപ്പം റയലിൻ്റെ മുന്നേറ്റങ്ങൾ നയിച്ചത്. ഒവിയെഡോക്കെതിരെ 4-3-3 ഫോർമേഷനിൽ ടീമിനെ വിന്യസിച്ച കോച്ച് സാബി അലൻസോ ഇപ്രാവശ്യം 4- 2- 3- 1 ഫോർമേഷനിലാണ് വെള്ളപ്പടയെ കളത്തിലിറക്കിയത്.

മത്സരം ആരംഭിച്ച്, ആറാം മിനിറ്റിൽ അർനോൾഡ് നീട്ടിനൽകിയ മനോഹരമായ പന്ത് സ്വീകരിച്ച് എംബാപ്പെ ഗോളിലേക്കു തിരിച്ചുവിട്ടെങ്കിലും റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തി.

പതിനെട്ടാം മിനിറ്റിൽ കോർണറിലൂടെ മയോർക്കയാണ് മുന്നിലെത്തിയത്. പാബ്ലോ ടോറെയുടെ കിക്കിൽ തലവെച്ച് തിബോ കോർട്ടുവ നോക്കിനിൽക്കേ വെഡറ്റ് മുരീകി പന്ത് വലയിലാക്കുകയായിരുന്നു.

37ാം മിനിറ്റിൽ റയൽ ഒപ്പമെത്തി. പോസ്റ്റിൻ്റെ ഇടതുഭാഗത്തുണ്ടായിരുന്ന ഹ്യുസനെ ലക്ഷ്യമാക്കി ലെഫ്റ്റ് ബാക്ക് അൽവാരോ കരേരാസ് ലോങ് ബോൾ നൽകുന്നു. കരേറസിൻ്റെ പന്ത് സ്വീകരിച്ച ഹ്യുസൻ ഗോൾപോസ്റ്റിൻ്റെ അരികിലുണ്ടായിരുന്ന ഗുളറിലേക്ക് അത് ഹെഡറിലൂടെ മറിച്ചു നൽകി. ശൂന്യമായ വല ലക്ഷ്യമാക്കി തലകൊണ്ട് പന്തിനെ തിരിച്ചുവിടേണ്ടി വന്നുള്ളൂ ഗുളറിന്. ഗോൾ! സ്കോർ 1- 1

സമനില പിടിച്ച മയോർക്കയെ ശ്വാസം വിടാൻ പോലും റയൽ അനുവദിച്ചില്ല. മൈതാന മധ്യത്തിൽ നിന്ന് ഫെഡറിക്കോ വാൽവെർദയുടെ പാസ് സ്വീകരിച്ച്, തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ വിനീഷ്യസ് പന്തുമായി പാഞ്ഞു. ബോക്സിന് തൊട്ടരികിൽ നിന്ന് രണ്ട് മയോർക്ക താരങ്ങളെ വെട്ടിയൊഴിഞ്ഞ താരം ഇടങ്കാലനടിയിലൂടെ മയോർക്ക വലകുലുക്കി. സ്കോർ 2-1

പിന്നീട് ഇരു ടീമുകളും പല മുന്നേറ്റങ്ങളും നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിൽക്കുകയായിരുന്നു. അവസാന വിസിൽ മുഴങ്ങുമ്പോൾ ബെർണബ്യൂവിൽ വെള്ളക്കടൽ ഇരമ്പി. 3 മത്സരങ്ങളും ജയിച്ച് 9 പോയിൻ്റ് നേടിയ റയൽ പോയിൻ്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തി. 2 തോൽവികളും 1 സമനിലയും ഏറ്റുവാങ്ങിയ മയോർക്ക പട്ടികയിൽ പതിനെട്ടാം സ്ഥാനത്താണ്. സെപ്റ്റംബർ 13 ന് റയൽ സോസിഡാഡിനെതിരെ അവരുടെ തട്ടകത്തിലാണ് മാഡ്രിഡിൻ്റെ അടുത്ത മത്സരം.

Related Tags :
Similar Posts