< Back
Football
Football

കയ്യും കണക്കുമില്ലാതെ സബ് ഇറക്കി; വോൾവ്‌സ്ബർഗിനെ പുറത്താക്കി അധികൃതർ

André
|
17 Aug 2021 1:43 PM IST

ഒരു മത്സരത്തിൽ പരമാവധി അഞ്ച് സബ്സ്റ്റിറ്റ്യൂട്ടുകളെ ഇറക്കാമെന്നാണ് ജർമൻ ഫുട്‌ബോൾ അസോസിയേഷൻ നിയമം.

സബ്സ്റ്റിറ്റ്യൂഷൻ നിയമങ്ങൾ ലംഘിച്ച് കളിക്കാരെ ഇറക്കിയ ജർമൻ ക്ലബ്ബ് വോൾവ്‌സ്ബർഗിനെ ഡി.എഫ്.ബി പൊകൽ (ജർമൻ കപ്പ്) ടൂർണമെന്റിൽ നിന്ന് പുറത്താക്കി അധികൃതർ. പ്രുസൻ മുൻസ്റ്റർ എന്ന ക്ലബ്ബിനെതിരായ ഒന്നാം റൗണ്ട് മത്സരത്തിൽ ആറു പേരെ സബ് ആയി ഇറക്കിയെന്ന പരാതിയിലാണ് ബുണ്ടസ് ലിഗ ക്ലബ്ബിനെതിരെ നടപടിയെടുത്തത്. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റ മുൻസ്റ്ററിനെ 2-0 വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.

ഒരു മത്സരത്തിൽ പരമാവധി അഞ്ച് സബ്സ്റ്റിറ്റ്യൂട്ടുകളെ ഇറക്കാമെന്നാണ് ജർമൻ ഫുട്‌ബോൾ അസോസിയേഷൻ നിയമം. എക്സ്ട്രാ ടൈമിലേക്ക് നീളുന്ന മത്സരങ്ങളിലടക്കം ഇത് ബാധകമാണ്. ഇത് മറികടന്ന് ആറാമതൊരു സബ്സ്റ്റിറ്റ്യൂഷൻ കൂടി നടത്തിയതാണ് മുൻ ബയേൺ മ്യൂണിക്ക് മിഡ്ഫീൽഡർ മാർക്ക് വാൻ ബൊമ്മൽ പരിശീലിപ്പിക്കുന്ന വോൾവ്‌സ്ബർഗിന് തിരിച്ചടിയായത്.

103-ാം മിനുട്ടിൽ, ടീം 2-1 ന് മുന്നിൽ നിൽക്കുമ്പോഴാണ് ഫ്രഞ്ച് താരം മാക്‌സ് ലാക്രോയെ പിൻവലിച്ച് സ്വിസ് താരം അദ്മിർ മെഹ്‌മദിയെ ബുണ്ടസ് ലിഗ ടീം കളത്തിലിറക്കിയത്. തൊട്ടുമുമ്പ് അവർ മറ്റൊരു സബ് കൂടി നടത്തിയിരുന്നു. എക്‌സ്ട്രാ ടൈമിന്റെ ഇഞ്ച്വറി ടൈമിൽ ബോതെ ബാകുവിന്റെ ഗോളിൽ 3-1 ന് അവർ ജയം കാണുകയും ചെയ്തു.

വോൾവ്‌സ്ബർഗ് നടത്തിയത് ആറാം സബ്‌സ്റ്റിറ്റ്യൂഷനാണെന്ന കാര്യം മത്സരസമയത്ത് എതിർ ടീമോ മാച്ച് ഒഫീഷ്യലുകളോ ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ മത്സരം കഴിഞ്ഞ മൂന്നാം ദിനം നാലാം ഡിവിഷൻ ടീമായ പ്രിസൻ മുൻസ്റ്റർ പരാതിയുമായി അധികൃതരെ സമീപിച്ചു. അന്വേഷണത്തിൽ വോൾവ്‌സ്ബർഗിന്റെ വീഴ്ച സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ അവരെ ജർമൻ കപ്പിൽ നിന്ന് പുറത്താക്കാൻ ഡി.എഫ്.ബി കായിക കോടതി വിധിക്കുകയായിരുന്നു. വിജയികളായി പ്രഖ്യാപിക്കപ്പെട്ട മുൻസ്റ്ററിന് ഇതോടെ രണ്ടാം റൗണ്ടിൽ കളിക്കാൻ അവസരം ലഭിക്കുകയും ചെയ്തു.

Similar Posts