< Back
Sports
ഇഞ്ചുറി ടൈം ത്രില്ലര്‍; എല്‍ ക്ലാസിക്കോയില്‍ ബാഴ്സക്ക് ആവേശ ജയം
Sports

ഇഞ്ചുറി ടൈം ത്രില്ലര്‍; എല്‍ ക്ലാസിക്കോയില്‍ ബാഴ്സക്ക് ആവേശ ജയം

Web Desk
|
20 March 2023 7:04 AM IST

ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ബാഴ്സ ബഹുദൂരം മുന്നിലെത്തി

ബാഴ്സലോണ: എല്‍ ക്ലാസിക്കോ പോരാട്ടങ്ങളില്‍ റയല്‍ മാഡ്രിഡിന്‍റെ തോല്‍വി തുടര്‍ക്കഥയാവുന്നു.സ്പാനിഷ് ലീഗില്‍ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാഴ്സ ലോസ് ബ്ലാങ്കോസിനെ ഒരിക്കല്‍ കൂടി പരാജയപ്പെടുത്തി. സീസണില്‍ റയലിന്‍റെ മൂന്നാം എല്‍ക്ലാസിക്കോ തോല്‍വിയാണിത്.

ബാഴ്സയുടെ തട്ടകമായ ക്യാമ്പ് നൗവിൽ അരങ്ങേറിയ പോരാട്ടത്തിൽ ആദ്യം മുന്നിലെത്തിയത് റയല്‍ മാഡ്രിഡാണ്.എട്ടാം മിനുറ്റിൽ അറോഹയുടെ സെൽഫ് ഗോളാണ് റയൽ മാഡ്രിഡിനെ മുന്നിലെത്തിച്ചത്. പെനാല്‍ട്ടി ബോക്സില്‍ വിനീഷ്യസ് ജൂനിയര്‍ നടത്തിയൊരു കുതിപ്പാണ് ഗോളില്‍ കലാശിച്ചത്. എന്നാല്‍ ഒന്നാം പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കോ സെർജി റോബേർടോ കറ്റാലന്‍മാര്‍ക്കായി ഗോൾ മടക്കി.

മത്സരത്തിന്‍റെ 81ആം മിനുറ്റിൽ മാര്‍കോ അസൻസിയോ റയലിനായി ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് റഫറി ഗോള്‍ നിഷേധിച്ചു. കളി സമനിലയില്‍ കലാശിക്കും എന്ന് തോന്നിച്ച ഘട്ടത്തിലാണ് ഫ്രാങ്ക് കെസിയുടെ ഇഞ്ചുറി ടൈം ത്രില്ലര്‍ പിറവിയെടുക്കുന്നത്. റോബര്‍ട്ട് ലെവന്‍ഡോവ്‍സ്കി നീട്ടി നല്‍കിയ മനോഹരമായൊരു ബാക്ക് ഹീല്‍ പാസ് സ്വീകരിച്ച് ബോക്സിലേക്ക് കുതിച്ച അലെസാന്‍ഡ്രോ ബാല്‍ഡേ പന്തിനെ കെസ്സിക്ക് നീട്ടി. കെസ്സിക്ക് പന്തിനെ ഗോളിലേക്ക് തിരിച്ച് വിടേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ബാഴ്സ ബഹുദൂരം മുന്നിലെത്തി. 26 മത്സരങ്ങളിൽ നിന്ന് 68 പോയന്‍റാണ് ഒന്നാം സ്ഥാനത്തുള്ള ബാഴ്സക്കുള്ളത്.അത്ര തന്നെ മത്സരങ്ങളില്‍ നിന്ന് 56 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാമതാണ്.

Similar Posts